ബോളിവുഡ് താരങ്ങൾക്കു ഫറാ ഖാൻ പഠിപ്പിച്ചു നൽകിയ നൃത്തച്ചുവടുകൾ പലപ്പോഴും ജനങ്ങൾക്കിടയിൽ തരംഗമാകാറുണ്ട്. സുൽത്താനിലെ ബേബി കോ ബാസ് പാസന്ദ് ഹെ എന്ന ഗാനത്തിലെ സൽമാൻ ഖാന്റെ നൃത്തവും അതുപോലെയാണ്. അടുത്ത കാലത്തിറങ്ങിയ സിനിമകളിലൊന്നുമുണ്ടാകില്ല ഇത്രയേറെ ഹരംപിടിപ്പിച്ചൊരു നൃത്തച്ചുവട്. തീയറ്ററിൽ മാത്രമല്ല, ജനമനസിലും 'സുൽത്താനായി'ക്കൊണ്ടാണ് മുന്നേറുകയാണ് സൽമാൻ ഖാന്റെ ചിത്രം. ഈ നൃത്തവും.
അനുഷ്ക ശർമയ്ക്കു പുറകെ പ്രണയാർദ്രമായി പാട്ടും നൃത്തവുമായി നടക്കുന്ന സൽമാനാണു പാട്ടിലുള്ളത്. ഇർഷാദ് കമീലിന്റെ വരികൾക്കു വിശാലും ശേഖറും ചേർന്നാണ് ഈണമിട്ടത്. വിശാൽ ദദ്ലാനി,ഷാൽമാലി ഖോൽഗഡേ,ഇഷീദ, ബാദ്ഷാ എന്നിവർ ചേർന്നു പാടിയ പാട്ടാണിത്. സൽമാൻ ഖാനും അനുഷ്കയും ചേർന്ന തകർപ്പൻ ഡാൻസ് തന്നെയാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതു മാത്രമല്ല, ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സിനിമ ആദ്യ വാരത്തിൽ തന്നെ നൂറു കോടിയിലധികം രൂപയുടെ കളക്ഷനാണു നേടിയത്.