സ്വപ്‌നങ്ങൾ ജീവിതത്തെ മാറ്റിമറിക്കാൻ തയാറാകുമ്പോൾ എന്തുചെയ്യണം? നിശ്ശബ്ദമായി അതിങ്ങനെ നോക്കി നിൽക്കുകയും ഇഷ്ടപ്പെടുന്ന ഒരാൾക്കു വേണ്ടി സ്വന്തം സ്നേഹത്തെയും സ്വപ്നങ്ങളെയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്ന സ്നേഹങ്ങളുണ്ട്, മുന്നയുടെ പ്രണയം പോലെ. ഒരു കടലോളം പ്രണയം ഹൃദയത്തിൽ ഉണ്ടായിരുന്നിട്ടും അതുറക്കെപ്പറയാൻ കഴിയാതെ മിലി എന്ന പ്രിയപ്പെട്ടവൾക്ക്, അവളുടെ ജീവിതശൈലിക്ക് അനുയോജ്യനായ ഒരാളുടെ ഒപ്പം അവളെ കണ്ടു സന്തോഷിക്കുന്ന മുന്ന. പക്ഷേ ഉയർന്നു പറക്കുന്ന സ്വപ്നങ്ങൾക്കിടയിലും തെരുവിലെ നാളുകളും പ്രണയവും മുന്നയുടെ സ്നേഹവും മറക്കാൻ മിലിക്കു കഴിയുമോ? 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന സിനിമ കണ്ടിറങ്ങുമ്പോൾ അത് ആഘോഷങ്ങളുടെയും പ്രണയത്തിന്റെയും മാത്രമല്ല സംഗീതത്തിന്റെയും സിനിമയാണെന്ന് ആരും ഉറപ്പിക്കും. എ.ആർ. മാജിക്ക് അതിന്റെ സീമകളിലെത്തിയ സംഗീതം സിനിമയുടെ ആഘോഷത്തിന്റെ നിറം വർദ്ധിപ്പിച്ചു. ഊർമിള മണ്ഡോദ്കറുടെയും ആമിർ ഖാന്റെയും പ്രണയജോടി ഹിറ്റാവുകയും ചെയ്തു.
"Yaai re yaai re zor laga ke naache re
Yaai re yaai re mil ke dhoom machaayein re
Chal mere sang sang, le le duniya ke rang
Ho ja rangeela re, rang rang rangeela re"
രംഗീലയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനം ഏതെന്ന ചോദ്യത്തിന് ആശാ ഭോസ്‌ലെ പാടിയ യായിരേ ... എന്നു തുടങ്ങുന്ന ഗാനം എന്നാണുത്തരം. ഊർമിളയുടെ ചടുലമായ നൃത്തം കൊണ്ടും കാഴ്ചക്കാരുടെ മനസ്സിന്റെ താളമിടിപ്പ് കൂട്ടുന്ന ആവിഷ്കാരം കൊണ്ടും ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അപരിചിതമായ ഒരു തെരുവിൽ പെട്ടെന്നു വന്നു ചേരുന്ന ഒരു ഫ്‌ളാഷ് മോബിന്റെ താളവിന്യാസം പോലെ ചടുലനൃത്തത്തിന്റെ ആഘോഷം. ആശാ ഭോസ്‌ലെയുടെ നെഞ്ചിടിപ്പിക്കുന്ന ശബ്ദം കൂടി ചേരുമ്പോൾ ഉത്സവത്തിനു മാറ്റു കൂടുന്നു.
പ്രണയമുള്ളപ്പോൾത്തന്നെ സങ്കടങ്ങളുടെയും കരച്ചിലുകളുണ്ടാവുക എന്നതു സ്വാഭാവികമല്ലേ? ഒരേ സമയം സന്തോഷത്തിനൊപ്പം ദുഃഖങ്ങളും നൽകുന്ന പ്രണയം. പകലും രാവും പ്രിയപ്പെട്ട ഒരാളുടെ ഓർമകളിൽ നിസ്സഹായമായി കടന്നു പോകുമ്പോൾ എന്തു ചെയ്യണം? മുന്നയായി അഭിനയിച്ച ആമിർഖാന്റെ മുഖത്തു പ്രണയ പരാജയത്തിന്റെ കറുപ്പ് പടരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ കൂടിയാണ് രംഗീല പറയുന്നത്. എന്നാൽ അഭിനയവും ജീവിതവും ബന്ധപ്പെടുത്താനാണ് പലപ്പോഴും പ്രേക്ഷകൻ ശ്രമിക്കുക, സിനിമയ്ക്കുള്ളിൽ നായകന്റെ കരവലയത്തിനുള്ളിൽ പ്രണയപരവശയായി അഭിനയിക്കുമ്പോഴും സ്വപ്നങ്ങളിലേക്കുള്ള വാതിലുകൾ തുറന്നതായി മാത്രമേ മിലി കാണുന്നുള്ളൂ, പക്ഷേ മുന്നയ്ക്ക് അവൾ എന്നെന്നേക്കുമായി അകന്നു പോയ സങ്കടമായിരുന്നു..
"Pyaar ye jaane kaisa hai kya kahein ye kuchh aisa hai
Kabhi dard ye deta hai kabhi chein ye deta hai
Kabhi gam deta hai kabhi khushi deta hai ..."
കവിത കൃഷ്ണമൂർത്തിയുടെയും സുരേഷ് വാദ്ക്കറിന്റെയും ശബ്ദം പാട്ടിനു ദുഃഖച്ഛവി നൽകുന്നുണ്ട്.
എ.ആർ. റഹ്‌മാൻ സംഗീതം പകർന്ന സിനിമകളിൽ പലതിലും അദ്ദേഹത്തിന്റെ സ്വരവും കേൾക്കാം. കാരണം അദ്ദേഹത്തിന്റെ സംഗീതത്തിനു മാത്രമല്ല വ്യത്യസ്തമായ ശബ്ദത്തിനുമുണ്ട് ഏറെ ആരാധകർ.
"Aay Yaay O El Bo O Maangta Hai Kya Voh Bolo, Haan Bolo
Maangta Hai Jo Yeh Le Lo, Yeh Suhaani Shaam
Jaaduu Aisa Hai Hamaara, Jo Maangta Hai Voh Milega, Tumko
Aay Yaay O El Bo O Maangta Hai Jo Voh De Do, Aa De Do
Maangta Hai Dil Voh De Do, Maangta Hai Pyaar
Bas Is Ke Siva O Jaana, Aur Kuchh Nahin Maangta Hai Ham Ko "
രംഗീല മിക്കവാറും പ്രേക്ഷകരുടെ ഓർമയിൽ നിൽക്കുന്നത് ഊർമിളയുടെ ശരീരഭംഗിയും ചടുലമായ നൃത്താവിഷ്കാരവും കൊണ്ടുതന്നെയാണ്. ഊർമിളയുടെ സൗന്ദര്യത്തിനു മുന്നിൽ ആമിർ ഖാൻ എന്ന താരം പലപ്പോഴും നിഴലിലായിപ്പോകുന്നു. ഒരുപക്ഷേ കഥയും കഥാപാത്രവും കഥാപാത്രം ആവശ്യപ്പെടുന്നതും അതാവാം.
രാംഗോപാൽ വർമ രംഗീല എന്ന സിനിമ ചെയ്തത് ഊർമിള എന്ന നടിയുടെ അഭൗമമായ സൗന്ദര്യം പ്രദർശിപ്പിക്കാൻ വേണ്ടിത്തന്നെയായിരുന്നു. സിനിമ ഇറങ്ങി വർഷങ്ങൾക്കു ശേഷം അതു തന്റെ ബ്ലോഗിലെഴുതിയത് രാംഗോപാൽ വർമ തന്നെയാണ്. രംഗീലയിൽ ആ ഭംഗി ഏറ്റവുമധികം തെളിഞ്ഞു കാണുന്നത് "തൻഹ തൻഹ..." എന്ന ഗാനത്തിലാണ്.
"Tanha Tanha Yahan Pe Jeena Ye Koi Baat Hai
Koi Saathi Nahin Tera Yahaan To Ye Koi Baat Hai
Kisi Ko Pyaar Dede
Kisi Ka Pyaar Lele
Is Saare Zamaane Mein Yehi Pyaari Baat Hai "
ജാക്കി ഷ്റോഫ് അവതരിപ്പിച്ച രാജ് കമൽ എന്ന നായകവില്ലന്റെ സജീവ സാന്നിധ്യവും ചിത്രത്തിലുണ്ട്. രാജ് കമൽ എന്ന സിനിമാ താരം മിലിയെ തന്റെയൊപ്പം കൂട്ടിയത് അവളെ സ്നേഹിക്കുന്നതുകൊണ്ടു തന്നെയായിരുന്നു. സ്നേഹം അല്ലെങ്കിലും അങ്ങനെയാണല്ലോ, അത് ഉപാധികൾ അന്വേഷിക്കാറില്ല, മറ്റു സ്നേഹത്തെ തിരയാറില്ല, ഒരാൾ ചേർന്നിരിക്കുമ്പോൾ അയാളുടെ ചുറ്റും ഇങ്ങനെ പറന്നു കളിക്കും. 62 വയസ്സുണ്ടായിരുന്ന ആശ ഭോസ്‌ലെയുടെ തിരിച്ചുവരവ് കൂടിയായിരുന്നു രംഗീലയിലെ "തൻഹാ" എന്ന ഗാനം. അതിനു വരികളെഴുതിയ മെഹബൂബ് മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ പുരസ്കാരം നേടുകയും ചെയ്തു.
ഹരിഹരന്റെ മന്ദ്രമധുരമായ ശബ്ദം ഒഴുകി വരുന്നത് സ്വന്തം ഹൃദയത്തിൽ നിന്നാണെന്നു തോന്നും. ഭ്രാന്തമായ പ്രണയത്തിൽ വീണുഴറിപ്പോകുന്ന ഒരുവന്റെ ഹൃദയത്തിൽനിന്ന് ഉയിർ കൊണ്ടപോലെ മെഹബൂബിന്റെ വരികൾ.
"Hai Rama Ye Kya Hua Kyon Aise Humein Sataane Lage
Tum Itni Pyaari Ho Saamne Hum Kaabu Mein Kaise Rahein
Jaao Humko To Aati Sharam Hai
Teri Aisi Ada Pe To Fida Hum Hain "
എങ്ങനെ കഴിയും ഇത്ര തീവ്രമായ രാഗം കണ്ടില്ലെന്നു വയ്ക്കാൻ! ശരീരം പോലും ഭ്രാന്തമായ സ്നേഹത്തിന്റെ മാധ്യമമാകുന്നു. ലഹരി കൊണ്ടതു പോലെ രാവും പകലും പരവശമായിപ്പോകുന്ന സ്നേഹം. ദൈവമേ എന്താണു ചെയ്യേണ്ടത്!!! നിസ്സഹായമായിപ്പോകുന്ന ചില അവസ്ഥകൾ. ഉള്ളിലെ സ്നേഹം എത്ര പ്രകടിപ്പിച്ചാലും മതിയാകാത്ത പോലെ ഉലഞ്ഞുലഞ്ഞ്... കത്തിപ്പടർന്ന്...
സിനിമാരംഗത്ത് തന്നെ ഏറെ ഭ്രമിപ്പിച്ച സ്ത്രീയാണ് ഊർമിള എന്ന് രാംഗോപാൽ വർമ പറയുമ്പോൾ അതു സിനിമയിൽ എടുത്തുകാണിക്കുന്ന പല രംഗങ്ങളുമുണ്ട്, പ്രത്യേകിച്ച് പാട്ടുകൾ. രംഗീല എന്ന സിനിമയോടെ ഊർമിള എന്ന നടിയുടെയും കരിയർ ഗ്രാഫ് ഉയരുകയായിരുന്നു. രംഗീല ആമിർ ഖാന്റെയോ ജാക്കി ഷ്്റോഫിന്റെയോ സിനിമയല്ല, ഊർമിളയുടേതു മാത്രമാകുന്നതും അതുകൊണ്ടാണ്.
"Yaaro sun lo sara, haan apna ye kehna
Jeene ho toh apun ke, jaise hi jeena
Gaadi bangla nahi na sahi na sahi
Bank balance nahi na sahi na sahi
TV video nahi na sahi na sahi
Suitng shirting nahi na sahi na sahi "
ആഘോഷങ്ങളുടെ മറ്റൊരു ഗാനം. എ.ആർ. റഹ്‌മാന്റെ സംഗീത സാമ്രാജ്യത്തിലെ രസകരമായ മറ്റൊരു വേർഷൻ. മികച്ച ഗാനരചയിതാവിനു മെഹ്ബൂബിനെ നിർദ്ദേശിച്ച രംഗീലയിലെ മറ്റൊരു ഗാനം
"Kya kare kya na kare yeh keyse mushkil hai
Koi to bataa de iska haal o mere bhai
Ke ek taraf to us se pyaar kare hum
Aur usko inhe kehney se daray hum"
ആഘോഷമാക്കുന്ന സ്നേഹവും സൗഹൃദവും. ഉള്ളിലെ പ്രണയം തുറന്നു പറയാനാകാതെ പരവശപ്പെടുന്ന കാമുകൻ വിഷാദിയാണെങ്കിലും അതയാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചൊതുക്കുകയാണ്. വരികൾക്കിടയിലെ സംഗീതത്തെ വ്യത്യസ്തമാക്കുന്ന ഉപകരണ ധാരാളിത്തം ആ ഗാനത്തിന്റെ കേൾവിയും കാഴ്ചയും ആഘോഷമാക്കുന്നു. ഉദിത് നാരായണന്റെ സ്വരം തൊണ്ണൂറുകളിൽ പാട്ടു പ്രണയികളുടെ വൈകാരികതകളുടെയും ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ എത്ര കേട്ടാലും മതിവരില്ല രംഗീലയിലെ ഈ ഗാനം.
ഒരു സിനിമയുടെ ആത്മാവിനെ സ്വാംശീകരിക്കാൻ അതിലെ ഗാനങ്ങൾക്കു കഴിയും, കഴിയണം. രംഗീലയിൽ ആ ശ്രമം നടത്തുന്നത് വരികളില്ലാത്ത എ.ആർ. റഹ്‌മാന്റെ സംഗീതമാണ്. പലപ്പോഴും വരികൾക്കപ്പുറം നിൽക്കുന്ന മായിക ഭംഗി തന്നെയാണ് റഹ്‌മാന്റെ സംഗീതം. സിനിമയ്ക്കു പറയാനുള്ളതു കൃത്യമായി കണ്ടെത്തുകയാണല്ലോ അതിന്റെ ആത്മാവിനെ തിരിച്ചറിയുകയെന്നാൽ. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും, റഹ്മാനെപ്പോലെയൊരു പ്രതിഭ ഇവിടെ ജീവിച്ചിരുന്നു എന്നവകാശപ്പെടാൻ ഇതുപോലെ ചില ആവിഷ്കാരങ്ങൾ മാത്രം മതിയാകുമെന്നു രംഗീലയിലെ പാട്ടുകൾ ഓർമിപ്പിക്കുന്നു. സ്പിരിറ്റ് ഓഫ് രംഗീല എന്ന നൃത്താവിഷ്കാരം രംഗീലയുടെ സിനിമാ മനസ്സിനെ ഓർമിപ്പിക്കുന്നു. നൃത്തത്തിന്റെയും പ്രണയത്തിന്റെയും സംഗീതത്തിന്റെയും മോഹിപ്പിക്കുന്ന കൂട്ടുകെട്ട്. അതിൽ ഒരു പ്രതിഭയുടെ കരസ്പർശം.. രംഗീല കാലം കടന്നും നെഞ്ചിലിരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എ.ആർ. സംഗീതം തന്നെ. മഹ്ബൂബിന്റെ വരികളെ കുറച്ചു കാണുകയോ രാംഗോപാൽ വർമയുടെയും ഊർമിളയുടെയും പ്രകടനത്തിന്റെ മാറ്റ് കുറയ്ക്കുകയോ അല്ല, പക്ഷേ മൂന്നു മിനിറ്റ് നേരത്തെ ഒരു സംഗീത ആവിഷ്കാരം കൊണ്ട് ഒരു സിനിമയുടെ ആത്മാവിനെ കാട്ടിത്തരുമ്പോൾ അതുതന്നെയാകുന്നു നിർവചിക്കാനാകാത്ത പ്രതിഭയുടെ സ്പർശം.