താൽ സെ താൽ മിലാ...

താളങ്ങൾ.... ആയിരമായിരം താളങ്ങൾ... മഴയുടെ, കാറ്റിന്റെ , നോവിന്റെ, മിടിപ്പിന്റെ, ഒക്കെ താളങ്ങൾ...

എവിടെ നിന്നാണ് ഈ താളങ്ങളൊക്കെ അതിരുകൾ കടന്നെത്തുന്നത്?പ്രണയത്തിന്റെ നെഞ്ചിടിപ്പ് തുടങ്ങുന്നതോടെയാവണം ഇതുവരെ കേൾക്കാത്ത താളങ്ങൾ ഒരുപക്ഷെ കേട്ട് തുടങ്ങുക... മാൻസി ശങ്കർ അന്ന് മുതൽ കേട്ട് തുടങ്ങിയത് പോലെ... മാനവ് മേത്ത എന്നാണോ അവൾക്കു വേണ്ടി താളങ്ങൾ മെനഞ്ഞ് തുടങ്ങിയത് അപ്പോൾ മുതൽ...

"താൽ സെ താൽ മിലാ....

ഒരു മഴത്താളം ചെവിയിലേയ്ക്കും നെഞ്ചിലേയ്ക്കും വന്നു വീണത് പോലെയാണ് എ ആർ റഹ്‌മാൻ ആ ഗാനങ്ങൾക്ക് സംഗീതം നൽകിയത്. 1999 ൽ പുറത്തിറങ്ങിയ "താൽ" എന്ന ചിത്രം കാഴ്ചയേക്കാളപ്പുറം ഇമ്പമേറിയ കേൾവിയെ ഉണർത്തുന്നതായിരുന്നു. എ ആർ -ആനന്ദ് ബക്ഷി ടീം സമ്മാനിച്ച വിലയേറിയ പാട്ടനുഭവമായിരുന്നു സുഭാഷ് ഗായി സംവിധാനം ചെയ്ത "താൽ". ചിത്രത്തിന്റെ കഥ പോലും. എ ആർ റഹ്‌മാൻ എന്ന സംഗീത സംവിധായകന്റെ സാമിപ്യമാണ് ആ ചിത്രത്തിന് "താൽ" എന്ന പേര് നൽകാൻ പോലും കാരണമെന്ന് സുഭാഷ് ഗായി പറഞ്ഞിട്ടുമുണ്ട്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളുമാണ് ഇതിലെ ഗാനങ്ങൾ നേടിയെടുത്തതും.

പെൺ മനസിലൊളിഞ്ഞു കിടന്ന പ്രണയത്തിന്റെ മനോഹാരിതയും ആഴവുമാണ് ഈ ഗാനത്തിന്റെ വരികളിൽ. "ഇതുവരെ ഞാനെന്റെ ആത്മാവിന്റെ താളം കേട്ടിരുന്നതേയില്ല. അവന്റെ ഹൃദയത്തിന്റെ താളം എന്റേതുമായി ചേർന്നപ്പോൾ മുതലാണ് എനിക്കും താളമുണ്ടായി തുടങ്ങിയത്. ഇന്നോളം ഞാൻ പാടിയ പാട്ടുകളും ആടിയ നൃത്തങ്ങളുമൊക്കെയും മറ്റാരോ കേൾക്കുക മാത്രമായിരുന്നു. ഇന്നിപ്പോൾ അതെ ഗാനവും നൃത്തവും അവന്റെ ഹൃദയത്തിൽ ചെന്ന് തട്ടി എന്നിലേയ്ക്ക് പ്രതിഫലിക്കുന്നു. ഒരു തവണയേ കണ്ടുള്ളൂ, ഞാനറിയാതെ എന്റെ നൃത്തം കാണുന്ന അവനെ... കണ്ണിമയ്ക്കാതെ അവൻ നോക്കി നിൽക്കുമ്പോൾ എന്റെ ഉടൽ പൂക്കുന്നു. പുതിയ താളങ്ങൾ എന്റെ കാൽത്തളകൾ രൂപപ്പെടുത്തുന്നു. എന്തോ നഷ്ടപ്പെട്ടത് പോലെ ഞാനവനെ നോക്കി നിൽക്കുന്നു.. നഷ്ടമായത് എന്റെ ഉടലോ ഉയിരോ...? " ആനന്ദ് ബക്ഷിയെഴുതിയ വരികളുടെ അര്‍ഥം എഴുതുന്തോറും ആലോചിക്കുന്തോറും ഭംഗിയേറുകയേയുളളൂ.

എ ആർ റഹമാനെ അടയാളപ്പെടുത്തിയ സിനിമകളിലൊന്നാണ് സുഭാഷ് ഗായിയുടെ "താൽ" എന്ന ചിത്രം. നൃത്തത്തിനും ഗാനത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം ഒരു ത്രികോണ പ്രണയകഥ പറയുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയിൽ പെയ്യുന്ന മഴയിൽ അവൾ നനഞ്ഞു നിന്നപ്പോഴാണ് ആദ്യമായി അവൾ അയാളെ കാണുന്നത്. പക്ഷെ അതിനുമെത്രയോ മുൻപ് അയാൾ അവളെ കണ്ടു കൊണ്ടേ ഇരിക്കുകയായിരുന്നു. നോട്ടം പിൻവലിക്കാനാകാതെ പുതിയ താളങ്ങൾ അയാളുടെ ഹൃദയം രൂപപ്പെടുത്തിക്കൊണ്ടേ ഇരിക്കുകയായിരുന്നു. ആ മഴയിൽ നോട്ടങ്ങൾ പരസ്പരം ഇടറി വീണതോടെ അവർ ഒരേ താളമായി... ഒരേ നൃത്തമായി... പിന്നെയങ്ങോട്ട് പാട്ടിന്റെയും നൃത്തത്തിന്റെയും അത്യാനന്ദ സമ്മേളനമായിരുന്നു. അവരവരുടെ ലോകങ്ങളിലിരുന്നു ഇരുവരും സ്വയം കണ്ടെത്തി... നാണത്തിൽ കുതിർന്ന അവളുടെ പുഞ്ചിരികൾക്കു വലിച്ചടുപ്പിച്ച് അവളെ ചുംബിക്കാനുള്ള മോഹങ്ങൾ അയാൾ മനസ്സിലിട്ട് ഉരുക്കി... ഒരേ അവസ്ഥകളിൽ രണ്ടു പേര് രണ്ടിടങ്ങളിൽ... "താൽ" എപ്പോഴും മനോഹരമാണ്, ഓരോ കാഴ്ചകളിലും ഓരോ കേൾവികളിലും അത് മനോഹരമായി തുടരുകയും ചെയ്യും...