മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ... 

കലാഭവൻ മണിയുടെ ഒരു അനുസ്മരണ വേദികളിലൊന്നിൽ മകൾ ശ്രീലക്ഷ്മി ആ പാട്ട് പാടുമ്പോൾ കേട്ടും കണ്ടും നിൽക്കുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുന്നുണ്ടായിരുന്നു. 

"മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ... പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടെ...."

കൂട്ടിനു ആരും ചെല്ലാൻ കഴിയാത്ത ദൂരത്തു ഒരിടത്തിരുന്നു കലാഭവൻ മണി ആ പാട്ട് കേട്ടിട്ടുണ്ടാകില്ലേ? ആ ഓർമ്മകളിൽ തന്നെയാകണം ആ പാട്ട് എപ്പോൾ കേൾക്കുമ്പോഴും നെഞ്ചിലൊരു വിങ്ങലുണ്ടാകുന്നത്. കലാഭവൻ മണിയുടെ നാടൻ പാട്ടുകളിൽ ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്ന് എന്നതിനപ്പുറം മണിയുടെയും പ്രിയപ്പെട്ട പാട്ടായിരുന്നു "മിന്നാമിനുങ്ങേ.." . നാടൻ പാട്ടിന്റെ ശീലുകൾക്കുമപ്പുറം മണിയുടേതായ ശീലിന്റെ ഭംഗി ആ പാട്ടിനുണ്ടായിരുന്നത് കൊണ്ട് തന്നെയാണ് ഇപ്പോഴും മണിയെ സ്നേഹിക്കുന്നവർക്കിടയിൽ ആ പാട്ട് ഏറ്റവും വലിയ ശൂന്യതയുമുണ്ടാക്കുന്നത്. 

"മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ...
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം..."

വരികളുടെ അർത്ഥം ചില സമയത്ത് നാം അറിയുന്ന പല ജീവിതങ്ങളുടെ അല്ലെങ്കിൽ സ്വന്തം അനുഭവങ്ങളുമായി നാം ചേർത്ത് വയ്ക്കാറുണ്ട്. എന്നാൽ ഈ വരികളിൽ ആദ്യവും അവസാനവും മണി മാത്രമേയുള്ളൂ. മലയാളിയുടെ മനസ്സിലും കേൾവിയിലും കാഴ്ചയിലും മുഖം നിറഞ്ഞ ചിരിയും പ്രത്യേക ഈണത്തിലുള്ള ചിരിയും നിഷ്കളങ്കമായ കരച്ചിലുകളും നാടൻ മനുഷ്യന്റെ സങ്കടങ്ങളും മാനുഷികതയും കൊണ്ട് ടി വി സ്ക്രീനിലും നേരിട്ടും നിറഞ്ഞു നിന്ന ഒരു മനുഷ്യൻ. നിഴലുകൾ ഒരുപാടുണ്ടായിരുന്നു മണിയുടെ ജീവിതത്തിൽ, ഒരുപാട് മനുഷ്യർ , സഹായം ആവശ്യമുള്ളവർ, സ്നേഹം ആവശ്യമുള്ളവർ, സൗഹൃദം ആവശ്യമുള്ളവർ... എല്ലാവർക്കും മണി നൽകിയ നന്മയുടെയും സ്നേഹത്തിന്റെയും നുറുങ്ങുവെട്ടം. മഴയിലും വെയിലും മങ്ങാതെ നിന്ന നാടിന്റെ വെട്ടം ഒടുവിലിപ്പോൾ അദ്ദേഹം ചെയ്ത നന്മകളിൽ കൂടി തെളിഞ്ഞു നിൽക്കുന്നുണ്ട്. 

"പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ...
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ...
പുന്നാര പാട്ടു നീ പാടിയില്ലേ...."

ബാബുരാജ് തൃപ്പൂണിത്തുറയുടെ വരികൾക്ക് നാദിർഷായുടെ സംഗീതത്തിൽ "മിന്നാമിനുങ്ങേ" എന്ന ഗാനം കലാഭവൻ മണി ആലപിച്ചത് കബഡി കബഡി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. പ്രിയപ്പെട്ട അച്ഛന്റെ വിറങ്ങലിച്ച ശരീരത്തിന് മുന്നിൽ നിൽക്കുമ്പോൾ പാടാതിരിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല. തീവ്രമായ ശോക ഗാനങ്ങൾ ഭാവാത്മകത നൽകി പാടാൻ മണിയ്ക്ക് എപ്പോഴും കഴിഞ്ഞിരുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയായിരുന്നു ഈ ഗാനം. ഇപ്പോൾ മലയാളിയുടെ മുന്നിൽ ഈ ഗാനം ഉണർത്തി വിടുന്ന ശൂന്യതകൾക്ക് പകരം നൽകാൻ മറ്റൊരു പാട്ടുകാരനോ അയാളുടെ ശീലുകളോ ഇല്ല. എങ്ങോട്ടോ തിടുക്കത്തിൽ സ്വന്തം പ്രകാശം കെടുത്തി മറഞ്ഞു പോയ മിന്നാമിനുങ്ങിനെ ഇനി എവിടെ തിരയാൻ! പൊന്നു വിളഞ്ഞു നടന്ന പാടത്തും പറമ്പിലും എന്നോ ഒരിക്കൽ പാറിപ്പറന്നു നടന്നിരുന്നു എന്ന് വിങ്ങലോടെ ഓർമ്മിക്കാൻ മാത്രമേ കഴിയൂ. ആ പാട്ടുകളിൽ വീണ്ടും വീണ്ടും മണിയെ കണ്ടെത്തുകയെ കഴിയൂ...