കേരളത്തിന്റെ നോർക്ക റൂട്സ് മാതൃക പിന്തുടരാൻ ആഹ്വാനം

ബെംഗളൂരു ∙ കേരളത്തിന്റെ നോർക്ക റൂട്സ് മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളോടും പ്രവാസി ക്ഷേമത്തിനു സർക്കാർ സംവിധാനം ഏർപ്പെടുത്താൻ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ആഹ്വാനം ചെയ്തു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇസിആർ) രാജ്യങ്ങളിലെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചു നടന്ന പ്ലീനറി സെഷനിൽ കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി മൃദുൽ കുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഗാർഹികത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചു.

ഇസിആർ രാജ്യങ്ങളിൽ ഇന്ത്യ സമഗ്രമായ തൊഴിൽ കരാറുകൾ ഒപ്പിടണം, മനുഷ്യക്കടത്തു തടയാൻ ഗൾഫ് രാജ്യങ്ങളുമായി ഉടമ്പടി വേണം, അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കു തടയിടണം, പ്രവാസി ബീമാ യോജന ഇൻഷുറൻസ് പദ്ധതിയുടെ നടപടിക്രമങ്ങൾ ലഘൂകരിക്കണം തുടങ്ങിയ ആവശ്യങ്ങളും സെഷ‌നിൽ ഉയർന്നു. നിയമപരമായ കുടിയേറ്റവും അഭയാർഥി പ്രശ്നവും ഒന്നാണെന്ന വിധമുള്ള തെറ്റിദ്ധാരണകൾ നീക്കണമെന്ന് അധ്യക്ഷത വഹിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ ആവശ്യപ്പെട്ടു. ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയവരുടെ കൃത്യമായ കണക്കുകൾ ഇല്ലെന്ന് മറ്റൊരു അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.

ഒന്നര വർഷമായി ഇ-മൈഗ്രേറ്റ് സംവിധാനം വഴി ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കിയെങ്കിലും പൂർണ വിവരശേഖരണം സാധ്യമായിട്ടില്ല. യുഎസിലേക്ക് മെക്സിക്കോ വഴി നുഴഞ്ഞു കയറുന്നതുപോലെയാണു ഗൾഫിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നതെന്നും ഇത്തരക്കാരുടെ പൂർണമായ കണക്കെടുക്കൽ ആയാസകരമായിരിക്കുമെന്നും വി.കെ.സിങ് വ്യക്തമാക്കി. BOX പ്രവാസി സംഭാവനയുടെ 40 ശതമാനവും ഗൾഫിൽനിന്ന് 2013-15ലെ കണക്കുകൾ പ്രകാരം ഇസിആർ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പേരെ അയയ്ക്കുന്നതിൽ ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് ആദ്യ ആറു സ്ഥാനങ്ങളിൽ.

18 ഇസിആർ രാജ്യങ്ങളിലായി 85 ലക്ഷം ഇന്ത്യക്കാരാണു ജോലിചെയ്യുന്നത്. ഇതിൽ 90 ശതമാനവും ഗൾഫിലാണ്. 2015ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്കു പ്രവാസികൾ സംഭാവന ചെയ്ത 6900 കോടി ഡോളറിൽ 40 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. അഞ്ചു വർഷത്തിനിടെ ഇസിആർ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിൽ 24% വർധനയുണ്ട്. റിക്രൂട്ടിങ് ഏജന്റുമാരുടെയും തൊഴിൽദാതാക്കളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ, പ്രവാസികളുടെ പുനരധിവാസം, നിയമപരിരക്ഷകൾ, കരാർ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ചർച്ച ചെയ്തത്.