ബെംഗളൂരു ∙ മലയാളിയും ബഹ്റൈൻ ആസ്ഥാനമായുള്ള നാഷനൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒയുമായ വി.കെ രാജശേഖരൻ പിള്ള, ദോഹ ബാങ്ക് സിഇഒയും പാലക്കാട് വേരുകളുള്ള തമിഴ്നാട് മയിലാടുതുറൈ സ്വദേശിയുമായ ഡോ. ആർ. സീതാരാമൻ എന്നിവരുൾപ്പെടെ 30 പേർക്കു പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഡോ. അന്റോണിയോ കോസ്റ്റ, ബ്രിട്ടീഷ് എംപി പ്രീതി പട്ടേൽ, ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷാ ദേശായി ബിസ്‍വാൾ എന്നിവര്‍ക്കും അബുദാബിയിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യ സോഷ്യൽ സെന്ററിനും (ഐഎസ്‍സി) പുരസ്കാരമുണ്ട്. മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണു പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയായ രാജശേഖരൻ പിള്ളയ്ക്കു ഗൾഫിലും യുകെ, സിംഗപ്പൂർ രാജ്യങ്ങളിലുമായി ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. ഫയര്‍ ആന്‍ഡ് സേഫ്റ്റി വ്യവസായശൃംഖലയാണു പ്രധാനം. 15 വർഷമായി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ പ്രവാസികളടക്കം ഒട്ടേറെപ്പേർക്കു സഹായമേകി. ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കടക്കം ചുക്കാൻ പിടിക്കുന്നു. വളവൂർ കിഴക്കേതിൽ (രാജശ്രീ) കുടുംബാംഗമാണ്.
ദോഹ ബാങ്കിനെ ഗൾഫിലെ മുൻനിര ബാങ്കുകളിലൊന്നായി ഉയർത്തിക്കൊണ്ടു വന്നതിൽ ഡോ. ആർ.സീതാരാമന്റെ പങ്ക് ശ്രദ്ധേയമാണ്. ഖത്തറിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവപങ്കാളിയാണ്. യുഎഇയിലെ പ്രവാസികൾക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യൻ സോഷ്യൽ സെന്ററിനു ബഹുമതി.