മുംബൈ∙ ഓഹരി വിപണി മൂല്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പൊതുമേഖലാ സ്ഥാപനം എന്ന പദവി ഒഎൻജിസിയിൽ നിന്ന് എസ്ബിഐ കരസ്ഥമാക്കി. 2,35,307.51 കോടി രൂപയാണ് ഇന്നലെ വിപണിയിൽ വ്യാപാരമവസാനിക്കുമ്പോൾ എസ്ബിഐ യുടെ വിപണി മൂല്യം.
ഓഹരി വിലയെ വിപണിയിലുള്ള ഓഹരികളുടെ എണ്ണം കൊണ്ടു ഗുണിച്ചു കിട്ടുന്നതാണ് വിപണിമൂല്യം.
ഐടി കമ്പനികളിൽ ടിസിഎസ് ആണ് ഇന്ത്യയിൽ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി. 4,54,902.85 കോടി രൂപയാണ് ടിസിഎസിന്റെ മൂല്യം. റിലയൻസ് ഇൻഡസ്ട്രീസ് (4,45,579 കോടി രൂപ), എച്ച്ഡിഎഫ്സി ബാങ്ക് (3,70,480 കോടി), ഐടിസി (3,38,,851 കോടി), എസ്ബിഐ, എച്ച്ഡിഎഫ്സി (2,35,122 കോടി), ഒഎൻജിസി, ഇൻഫോസിസ് (2,11,,870 കോടി), എച്ച്‌യുഎൽ (1,97,464 കോടി), മാരുതി സുസുക്കി (1,85,235 കോടി) എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലെ മറ്റു കമ്പനികൾ.
ഇന്നലെ വ്യാപാരവേളയിൽ റിലയൻസ് ടിസിഎസിനെ പിന്തള്ളിയിരുന്നു. എന്നാൽ വ്യാപാരാവസാനത്തിൽ റിലയൻസിന്റെ ഓഹരി വില താഴ്ന്നതോടെ ടിസിഎസിനു പദവി തിരിച്ചുകിട്ടി. നാലു വർഷം മുൻപാണു ടിസിഎസ് റിലയൻസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്.