കോഴി വില കോടതിയിൽ

കൊച്ചി ∙ ഇറച്ചിക്കോഴി വില കിലോഗ്രാമിന് 87 രൂപയായി കുറയ്ക്കണമെന്ന മന്ത്രിയുടെ നിർദേശം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചെറുകിട കച്ചവടക്കാർക്കു ദിവസം 1000 രൂപ വരെ ബാധ്യതയുണ്ടാക്കുന്നതാണു നിർദേശമെന്നു ചൂണ്ടിക്കാട്ടി പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണു കോടതിയിലെത്തിയത്. 

കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴിയെ വിൽക്കണമെന്ന നിർദേശം വസ്തുതകൾ പരിഗണിക്കാതെയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. ഫാമുകളിൽ 87 രൂപയ്ക്കടുത്തു വിൽക്കുന്ന ഇറച്ചിക്കോഴി കടകളിലെത്തുമ്പോൾ ചെലവ് 100–125 രൂപ വരെയാകും. സ്വകാര്യഫാമുകളിൽ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴിയെ കിട്ടില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

നികുതി ഒഴിവായിട്ടും ഇറച്ചിക്കോഴിക്കു വില കൂട്ടിവാങ്ങുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ നിർദേശമെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. ചരക്ക്, സേവന നികുതി വന്നപ്പോൾ കോഴിക്കു നികുതി ഇല്ലാതായതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിയില്ല.

ജൂൺ വരെ 104 രൂപ വിലയുണ്ടായിരുന്നു. അതിലുൾപ്പെട്ടിരുന്ന 14.5% നികുതി കുറച്ചാൽ 87 രൂപയ്ക്കു ലഭ്യമാക്കണമെന്നാണു പറഞ്ഞതെന്നും വിശദീകരിച്ചു.