Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രൈവറ്റ്’ ആകാനൊരുങ്ങി ടാറ്റ സൺസ്; എതിർപ്പുമായി മിസ്ത്രി വിഭാഗം

INDIA-AUTO-TATA-HEALTH-FILES

ന്യൂഡൽഹി ∙ ടാറ്റാ ഗ്രൂപ്പിലെ പ്രമുഖ കമ്പനികളുടെ പ്രമോട്ടറായ ‘ടാറ്റാ സൺസ്’ പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയിൽനിന്നു മാറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ നടത്തുന്ന നീക്കങ്ങൾ പുതിയ വിവാദത്തിനു തിരികൊളുത്തി.

രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ കുടുംബവുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയുടെ കുടുംബം ഈ തീരുമാനത്തിനെതിരേ രംഗത്തു വന്നുകഴിഞ്ഞു. മിസ്ത്രിയുടെയും കുടുംബത്തിന്റെയും പക്കലുള്ള ടാറ്റ ഓഹരികൾ സ്വതന്ത്രമായി ആർക്കെങ്കിലും വിൽക്കാനാകുന്നതു തടയാനാണ് ടാറ്റാ സൺസിനെ ‘പ്രൈവറ്റ് ലിമിറ്റഡ്’ രൂപത്തിലേക്കു മാറ്റുന്നതെന്ന് അവർ ആരോപിച്ചു. ടാറ്റ കുടുംബത്തിന്റെ ടാറ്റ ട്രസ്റ്റ്സിന് 66% ഓഹരിയും മിസ്ത്രിയുടെ കുടുംബ കമ്പനികൾക്ക് 18.4% ഓഹരിയുമാണ് ടാറ്റ സൺസിലുള്ളത്.

കമ്പനിയുടെ ഉത്തമ താൽപര്യങ്ങൾ കണക്കിലെടുത്താണ് പ്രൈവറ്റ് ലിമിറ്റഡ് ആക്കാൻ ശ്രമിക്കുന്നതെന്ന് ടാറ്റ സൺസ് പറഞ്ഞു. ഓഹരിയുടമകൾക്ക് അയച്ച കത്തിലാണ് ഇത്തരമൊരു നീക്കം സംബന്ധിച്ചു കമ്പനി ബോർഡ് അറിയിച്ചത്. 21 നു വാർഷിക ജനറൽ ബോഡി ചേരുന്നുണ്ട്. കമ്പനി ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് കത്തിൽ.

ഭൂരിപക്ഷം ഓഹരിയുടമകൾ ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങൾ ഹരിക്കുന്നതാണ് ഈ തീരുമാനത്തിൽ കാണുന്നതെന്നു മിസ്ത്രി കുടുംബത്തിന്റെ സൈറസ് ഇൻവെസ്റ്റ്മെന്റ്സ് കുറ്റപ്പെടുത്തി. സൈറസ് ഇൻവെസ്റ്റ്മെന്റ്സും മിസ്ത്രി കുടുംബത്തിന്റെതന്നെ സ്റ്റെർലിങ് ഇൻവെസ്റ്റ്മെന്റ്സ് എന്നിവ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൽ ടാറ്റ സൺസിനെതിരേ നിയമയുദ്ധം നടത്തിവരികയാണ്.