Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ഇളവു കടലാസിലൊതുങ്ങും; ആയുർവേദ മരുന്നിന് വില കുറയില്ല

ayur-medicine

തൃശൂർ ∙ പരമ്പരാഗത ആയുർവേദ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽനിന്ന് 5% ആക്കിയെങ്കിലും പ്രസ്തുത ഇളവ് തത്വത്തിൽ ആയുർവേദ വ്യവസായ രംഗത്ത് വലിയ മാറ്റമുണ്ടാക്കില്ല. ഇളവു ലഭിക്കണമെങ്കിൽ ആ മരുന്നുകൾ ബ്രാൻഡഡ് ഉൽപന്നങ്ങൾ ആവരുത്. മരുന്നിനു പുറത്ത് ഒട്ടിക്കുന്ന ലേബലുകളിൽ നിർമാതാവിന്റെ എംബ്ലമോ മുദ്രയോ തിരിച്ചറിയാവുന്ന രീതിയിൽ നിറങ്ങളുള്ള ലേബലുകളോ ഉണ്ടായാൽ അത് ബ്രാൻഡഡ് മരുന്നായി കണക്കാക്കുമെന്നും ഇപ്പോൾ നൽകുന്ന 12% തന്നെ ജിഎസ്ടി ഈടാക്കുമെന്നുമാണ് പുതിയ ഭേദഗതിയുടെ അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.

അതായത് ധാന്വന്തരമോ ച്യവനപ്രാശമോ പോലുള്ള പരമ്പരാഗത മരുന്നുകൾ ബ്രാൻഡഡ് ആകുമ്പോൾ 12% നികുതി തന്നെ നൽകേണ്ടി വരും.  ച്യവനപ്രാശം എന്നു മാത്രം രേഖപ്പെടുത്തി നൽകുകയാണെങ്കിൽ മാത്രമേ 5% നികുതിനിരക്കു ബാധകമാവൂ. എന്നാൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ലേബലിൽ മരുന്നുകളുടെ പേരും കമ്പനികളുടെ വിലാസവും ഉപഭോക്താവിനു കൃത്യമായി മനസിലാവുന്ന രീതിയിൽ കാണിക്കണം. ഇല്ലെങ്കിൽ വൻതുക പിഴ അടയ്ക്കേണ്ടി വരും. അതിനാൽ ഭൂരിഭാഗം ആയുർവേദ മരുന്നുകളും  ലേബലുകളില്ലാതെ മരുന്നു കമ്പനികൾക്കു വിൽക്കാനാവില്ല.

ആയുർവേദ മരുന്നുകൾക്ക് 1994ൽ എക്സൈസ് ഡ്യൂട്ടി നടപ്പിലാക്കിയപ്പോൾ മരുന്നുകളുടെ ലേബലുകളിൽ നിറവും എംബ്ലവും ഉപയോഗിച്ചാലും അവ ജനറിക് പ്രോഡക്റ്റ് ആയിട്ടാണ് നികുതി പിരിച്ചുകൊണ്ടിരുന്നത്. ഇതേ നിയമം തന്നെയാണ് ജിഎസ്ടി വരുന്നതുവരെ അനുശാസിച്ചിരുന്നത്. 2% എക്സൈസ് തീരുവയും 5% വാറ്റും ചേർത്ത് 7% ആയിരുന്നു ജിഎസ്ടിക്കുമുൻപു നികുതി. ലേബലുകളിൽ മുദ്രയോ നിറമോ ഉപഭോക്താവിന് തിരിച്ചറിയാവുന്ന അടയാളമോ ഉണ്ടായാൽ 12% നികുതി പിരിക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ ജനറിക് ആയുർവേദ മരുന്നുകൾക്കു പോലും നികുതി ഇളവ് ലഭ്യമാവില്ല. പുതിയ നിബന്ധനകൾ കാരണം ആയുർവേദ ക്ലാസിക്കൽ മരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ള ഏഴു ശതമാനത്തിൽ നിന്ന് ഇനിയും താഴ്ന്ന് അതിന് വിപണി ഇല്ലാതാകുമെന്ന് ആയുർവേദ മരുന്ന് ഉൽപാദകർ ആശങ്കപ്പെടുന്നു.