കൊച്ചി ∙ രാജ്യാന്തര അസംസ്കൃത എണ്ണവില ബാരലിന് (159 ലീറ്റർ) 70 ഡോളർ (4445 രൂപ) ആയിത്തുടരവേ സംസ്ഥാനത്തു പെട്രോൾ വില ലീറ്ററിന് 73.97 രൂപയും ഡീസൽ വില 66.12 രൂപയുമായി (കൊച്ചിയില്‍ ഇന്നത്തെ വില). ഡീസൽ വില നിയന്ത്രണം നീക്കിയ ശേഷമുള്ള ഏറ്റവും വലിയ വിലയാണിത്. ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏറെക്കാലമായി ലീറ്ററിന് 10 രൂപ ആയിരുന്നത് ഇപ്പോൾ വെറും 7.85 രൂപ ആയിട്ടുണ്ട്.
ഇന്നലെ കൊച്ചിയിൽ പെട്രോൾ വില 73.88 രൂപ, ഡീസൽ വില 65.97 എന്നിങ്ങനെ ആയിരുന്നു. ഇന്ന് പെട്രോളിന് ഒൻപതു പൈസയും ഡീസലിന് 15 പൈസയും ഉയർന്നു. ഉയരുന്ന വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം വ്യാപകമാണ്. ഒക്ടോബറിൽ ലീറ്ററിന് രണ്ടു രൂപ തീരുവ കുറച്ച കേന്ദ്രം, ഇപ്പോൾ സംസ്ഥാനങ്ങൾ വിൽപന നികുതി കുറയ്ക്കട്ടെ എന്ന നിലപാടിലാണ്.