ഇന്ത്യാ റബർ മീറ്റ് 2018 ഓഗസ്റ്റിൽ കൊച്ചിയിൽ

കോട്ടയം ∙ റബർ ബോർഡും റബർമേഖലയിലെ പ്രമുഖ സംഘടനകളും സംഘടിപ്പിക്കുന്ന ഇന്ത്യാ റബർ മീറ്റ് 2018 ഓഗസ്റ്റിൽ കൊച്ചിയിൽ നടക്കും. ‘ടുവേർഡ്‌സ് എ സസ്‌റ്റൈനബിൾ റബ്ബർ വാല്യൂ ചെയിൻ’ എന്ന വിഷയത്തിലൂന്നി 30, 31 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ റബർരംഗത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതൽ മെച്ചപ്പെടുന്നതിനും അതുവഴി കൂടുതൽ വ്യാപാര അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സാഹചര്യമൊരുക്കുമെന്നാണു ബോർഡിന്റെ പ്രതീക്ഷ. 

റബർരംഗത്തെ പുതിയ പ്രവണതകൾ, റബർമേഖല നേരിടുന്ന വെല്ലുവിളികൾ, മേഖലയുടെ നിലനിൽപിനും വികസനത്തിനും ആവശ്യമായ നയരൂപീകരണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.  റബ്ബർമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച് രാജ്യാന്തര വിദഗ്‌ധർ പ്രഭാഷണം നടത്തും വിവിധവിഷയങ്ങളെ ആസ്‌പദമാക്കി പാനൽചർച്ചകളുമുണ്ട്. 

റബ്ബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖസുന്ദരം ചെയർമാനായി ദേശീയതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംഘാടക സമിതിയാണു  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യത്തിനു നിന്നും വിദേശത്തു നിന്നുമായി 700ൽ അധികം പ്രതിനിധികൾ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.