Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ ബോർഡിനു കിട്ടി 185 കോടി; കർഷകനു നൽകിയത് 4.7 കോടി

rubber-latex

പത്തനംതിട്ട∙ റബർബോർഡിനു കേന്ദ്രം കഴിഞ്ഞ വർഷം കൊടുത്ത 185 കോടിയിൽ കർഷകനു നൽകിയത് 4.7 കോടി രൂപ മാത്രം. സബ്സിഡി കുടിശിക 30 കോടി നിൽക്കുമ്പോഴാണു വെറും 4.7 കോടി നൽകിയത്. ബോർഡിനു ലഭിക്കുന്ന തുകയുടെ എഴുപതു ശതമാനത്തിലേറെ ശമ്പളത്തിനു ചെലവാകും. ബാക്കി ബോർഡിന്റെ മറ്റു ചെലവുകൾക്കു വകയിരുത്തുന്നതോടെ കർഷകനു കൊടുക്കാൻ പണമില്ല.

വിവരാവകാശപ്രകാരം റബർ ബോർഡ് തന്നെ നൽകുന്നതാണ് ഇൗ കണക്കുകൾ. റബർ പുനർകൃഷിക്കു ലഭിച്ചിരുന്ന സബ്സിഡി ഇപ്പോൾ നിലച്ച മട്ടാണ്. കഴിഞ്ഞവർഷം മുതൽ പുതിയ അപേക്ഷ വാങ്ങുന്നില്ല. ചിരട്ടപ്പാലിനു നൽകുന്ന സബ്സിഡിയും ഇപ്പോഴില്ല. ശമ്പളം കഴിഞ്ഞാൽ പരിശീലനത്തിനും ഗവേഷണത്തിനും കൂടുതൽ തുക ചെലവാകുന്നുവെന്നാണു റബർ ബോർഡിന്റെ വാദമെങ്കിലും അതല്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ചെലവുചുരുക്കൽ സബ്സിഡിയിൽ മാത്രം 2017–18 ൽ വാണിജ്യ വകുപ്പു റബർ ബോർഡിനുവേണ്ടി ആവശ്യപ്പെട്ടത് 250 കോടിയാണ്. ഇതിൽ കേന്ദ്രബജറ്റിൽപ്പെടുത്തി 142.6 കോടി നൽകി. മാർച്ച് മാസം ബാക്കി തുക കൂടി അനുവദിച്ചു. 185 കോടിയാണ് ആ വർഷം കിട്ടിയത്. ഇതിൽ ശമ്പളത്തിനു ചെലവാകുക 122.50 കോടി രൂപ. കർശനമായ ചെലവുചുരുക്കൽ നടപടികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില സെന്ററുകൾ നിർത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.