Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിള കയറ്റുമതി: കേന്ദ്രം സമ്മതിച്ചു; റബറിൽ കേരളത്തെ ഉൾപ്പെടുത്താം

rubber-plantation

ന്യൂഡൽഹി/തിരുവനന്തപുരം∙ വിളകയറ്റുമതി പ്രോൽസാഹനത്തിനുള്ള കേന്ദ്രനയത്തിൽ റബറിന്റെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്താൻ സന്നദ്ധതയറിയിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഇതു പരിഗണിക്കുമെന്നു കേന്ദ്ര വാണിജ്യ സെക്രട്ടറി റീത തെയോതിയ ‘മനോരമ’യോടു പറഞ്ഞു. റബർ ക്ലസ്റ്ററിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച ദിവസം തന്നെയാണു കേന്ദ്രത്തിന്റെ വിശദീകരണവും.

വാഴപ്പഴം ക്ലസ്റ്ററിൽ തൃശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളെയും മാങ്ങയിൽ വയനാടിനെയും മഞ്ഞളിൽ വയനാട്, ആലപ്പുഴ ജില്ലകളെയും ഉൾപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും. ഒരു ക്ലസ്റ്ററിലും ഉൾപ്പെടാത്തതും കേരളത്തിലും രാജ്യാന്തര വിപണിയിലും പ്രാധാന്യമുളളതുമായ കശുമാവ് (കാസർകോട് ജില്ല), കുരുമുളക് (വയനാട്), നാളികേരം (കോഴിക്കോട്), തേയില (ഇടുക്കി) എന്നിവയ്ക്കു കൂടി ക്ലസ്റ്ററുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

കയറ്റുമതിയോഗ്യമായ വിളകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന 50 ജില്ലകളുടെ പട്ടികയാണു വാണിജ്യ മന്ത്രാലയത്തിന്റെ കരടു നയത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ റബർ ക്ലസ്റ്ററിൽ രാജ്യത്ത് ഏറ്റവുമധികം റബർ ഉൽപാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞു ത്രിപുരയിലെ മൂന്നു ജില്ലകളെ ഉൾപ്പെടുത്തിയ വിവരം ‘മനോരമ’യാണു പുറത്തുകൊണ്ടുവന്നത്.

കേന്ദ്രനടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. പട്ടികയിൽ മാറ്റം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കഴിഞ്ഞ ദിവസം കത്തയച്ചു. റബർ ഉൾപ്പെടെ 22 വിളകൾക്കാണു ക്ലസ്റ്ററുകൾ നിർദേശിച്ചിട്ടുള്ളത്. ഇതിൽ പൈനാപ്പിൾ (തൃശൂർ, വാഴക്കുളം), ഇഞ്ചി (വയനാട്) എന്നിവയിൽ മാത്രമാണു കേരളം ഇടംനേടിയത്.