Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോഗം ഉയരും, റബർ റീപ്ലാന്റ് ചെയ്യണം

rubber-sketch

കൊച്ചി∙ വരാൻ പോകുന്നതു റബറിന് അനുകൂല കാലം. പക്ഷേ ലോകമാകെ നിലവിലുള്ള അധിക ഉൽപാദനം കുറയണം, ഉപഭോഗം വർധിക്കണം. തായ്‌ലൻഡ്, ഇന്തോനീഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഉത്പാദനം കുറയുകയാണ്. ഉപഭോഗം വരും വർഷങ്ങളിൽ അഞ്ചു ലക്ഷം ടൺ വീതം പ്രതിവർഷം വർധിക്കും. ഇതൊക്കെ റബർ വിലയെ ഉയർത്താൻ സഹായിക്കുന്ന ഘടകങ്ങളാകുമെന്ന് ഇന്ത്യൻ റബർ മീറ്റിൽ വിദഗ്ധാഭിപ്രായം.

ഇപ്പോൾ റബർ റീപ്ലാന്റ് ചെയ്യാൻ പറ്റിയ സമയമാണ്. ഏഴു വർഷം കഴിഞ്ഞ് വെട്ടാൻ തുടങ്ങുമ്പോൾ റബറിന് ഉൽപാദനക്ഷമത കൂടുതലായിരിക്കും. പുതുതായി റബർ തോട്ടങ്ങൾ സൃഷ്ടിക്കാതെ ഉള്ളവയുടെ ഉൽപാദനം കൂട്ടാനാണു ശ്രമിക്കേണ്ടത്. റബർ റീപ്ലാന്റ് ചെയ്യാൻ കർഷകർക്കു സാമ്പത്തികസ്ഥിതിയില്ലെങ്കിൽ സർക്കാർ സബ്സിഡി നൽകണമെന്നും രാജ്യാന്തര റബർ സ്റ്റഡി ഗ്രൂപ്പ് മുൻ സെക്രട്ടറി ജനറലും റബർ വില കൺസൽറ്റന്റുമായ ഡോ.ഹിഡെ സ്മിത് ആവശ്യപ്പെട്ടു.

വിദഗ്ധരുടെ അഭിപ്രായങ്ങളിൽനിന്ന്

 തായ്‌ലൻഡ് ഉത്പാദനം 2020ൽ ഏറ്റവും കുറയും.

 ഇന്തോനീഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ഉത്പാദനവും കുറയും.

 ഇന്ത്യൻ ഉത്പാദനം തന്നെ ശേഷിയുടെ 70% മാത്രം.

 2022 മുതൽ ആവശ്യത്തിന് സ്വാഭാവിക റബർ കിട്ടാത്ത അവസ്ഥ ഉണ്ടാവും. വില ഉയരും.

 ഈ സാഹചര്യം മുന്നിൽക്കണ്ട് റീപ്ലാന്റ് ചെയ്ത് ഉത്പാദനക്ഷമത വർധിപ്പിക്കണം.

അംഗീകാരം വില കൂട്ടും

റബറിനും റബർ തടിക്കും സുസ്ഥിരതാ നയങ്ങൾ നടപ്പാക്കുന്നതിലൂടെ സർട്ടിഫിക്കേഷൻ ലഭിച്ചാൽ ഭാവിയിൽ ഉയർന്ന വില ലഭിക്കുമെന്ന് യുകെയിലെ ലാറ്റക്സ് സർവീസസ് ഡയറക്ടർ ജോൺ ഹീത്ത് അഭിപ്രായപ്പെട്ടു.

സുസ്ഥിര റബർ വ്യവസായത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുകയായിരുന്നു. കേരളത്തിലെ റബർ അനഭിലഷണീയ പ്രവണതകളിൽനിന്നു മുക്തമാണെന്നത് പ്രീമിയം വിലയായി മാറ്റാൻ കഴിയണം. ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായഎഫ്എസ്‌സിടെ സർട്ടിഫിക്കേഷൻ കാരണം തായ്‌ലൻഡിൽ റബർ തടിക്ക് പ്രീമിയം വില കിട്ടുന്നു– അദ്ദേഹം പറഞ്ഞു.

സുസ്ഥിരതാവാദം നല്ലതാണെങ്കിലും ചെറുകിട കർഷകന് അധികബാധ്യതയാവരുതെന്ന് റബർ മീറ്റിൽ പൊതുവെ അഭിപ്രായം ഉയർന്നു. അധികച്ചെലവില്ലാതെ ചെറുകിട കർഷകർക്കും എങ്ങനെ സുസ്ഥിര തോട്ടങ്ങൾ നടത്താമെന്നതു വെല്ലുവിളിയാണ്.