കൊച്ചി ∙ നാലു വർഷം കൂടി കാത്തിരിക്കൂ, റബർ വില കയറാൻ തുടങ്ങും. 2025 ആകുമ്പോഴേക്കും റബർ വില ഉയർന്നു പാരമ്യത്തിലെത്തും... പറയുന്നതു രണ്ടു തവണ റബർ വിലകളെക്കുറിച്ചു പ്രവചനം നടത്തി യാഥാർഥ്യമാക്കിയ രാജ്യാന്തര റബർ സ്റ്റഡി ഗ്രൂപ്പ് മുൻ സെക്രട്ടറി ജനറൽ ഹിഡെ പി. സ്മിത്ത് ആകുന്നു. 2021 വരെ റബർ വിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് പ്രകൃതിദത്ത റബറിന്റെ ആവശ്യത്തേക്കാൾ 10 ലക്ഷം ടൺ ഉൽപാദനം ഉള്ളതാണു കാരണം. 2022 ആകുമ്പോഴേക്കും അതിൽ കുറവു വരും, പിന്നെയാണു റബറിന്റെ നല്ലകാലം.
ഹിഡെ സ്മിത്ത് ഇതിനു മുൻപു രണ്ടു തവണ ഇത്തരം പ്രവചനം നടത്തിയിരുന്നു. റബർ വില കയറാൻ പോകുന്നെന്ന് 2001ലാണു പ്രവചിച്ചത്. അതുപോലെ 2014ൽ വില താഴാൻ പോവുകയാണെന്നു പ്രവചിച്ചു. രണ്ടും ശരിയായി. നിലവിൽ വിലത്തകർച്ചയ്ക്കു കാരണം തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ 2005–2006 കാലത്ത് വൻ തോതിൽ റബർ മരങ്ങൾ നട്ടുപിടിപ്പിച്ചതാണ്.
തായ്‌ലൻഡിൽ റബർ കൃഷിയിൽ നിന്നു മറ്റു കൃഷികളിലേക്കു മാറുന്നതിന് ഹെക്ടറിന് 3300 ഡോളർ (ഏകദേശം 2,40,900 രൂപ) നൽകുന്നുണ്ട്. ലോകമാകെ റബർ ഉൽപാദനം കുറയാൻ കാരണമാകും. അങ്ങനെയാണ് 2025ൽ റബർ വില പാരമ്യത്തിലെത്തുമെന്നു പറയുന്നത്. നെതർലൻഡ്സ് ആസ്ഥാനമായ റബർ ഫോർകാസ്റ്റ്സ് എന്ന കൺസൽറ്റൻസിയുടെ മേധാവി കൂടിയാണ് ഹിഡെ സ്മിത്ത്.