Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18:18:18 വളം നിരോധനം: പ്രളയശേഷം കർഷകർക്കു പുതിയ തിരിച്ചടി

agriculture പ്രതീകാത്മക ചിത്രം

തൃശൂർ∙ നെല്ല്, റബർ, വാഴ, തെങ്ങ് കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളം മിശ്രിതമായ 18:18:18  എൻപികെ (നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ്) ഉൽപാദനവും വിൽപനയും നിരോധിക്കാൻ കൃഷിവകുപ്പു നടത്തുന്ന നീക്കം മൂലം കർഷകർ ആശങ്കയിൽ. ഉൽപാദക കമ്പനികൾക്കു നൽകിയിരുന്ന ലൈസൻസ് റദ്ദാക്കി. ഇതറിഞ്ഞതോടെ വളം കമ്പനികളിൽ നിന്നു പരമാവധി വാങ്ങി സ്റ്റോക്ക് ചെയ്യുകയാണു കർഷകർ. ചെറുകിട കർഷകർക്കാവട്ടെ ഇതു കിട്ടുന്നുമില്ല. നിരോധനം നീക്കണമെന്നു കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ ഇതുവരെ നടപ്പാക്കിയില്ല.

നൈട്രജനും ഫോസ്റസും പൊട്ടാഷും 18% വീതം അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഈ വളം. സാംപിൾ പരിശോധനയിൽ നിലവാരം കണ്ടെത്താനായില്ലെന്നതാണു കൃഷിവകുപ്പ് ഡയറക്ടർ നടപടിയെടുക്കാനുള്ള കാരണം. എന്നാൽ രണ്ടുപതിറ്റാണ്ടായി ഈ വളം ഉൽപാദിപ്പിക്കുന്ന വൻകിട കമ്പനികളടേതടക്കമുള്ള സാംപിളുകളിൽ ഗുണനിലവാരപ്രശ്നം കണ്ടെത്തിയിട്ടില്ല. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം വളം പൂർണമായും വിപണിയിൽ നിന്നു പിൻവലിക്കുന്നതു പ്രളയാനന്തരം പച്ചപിടിക്കാനുള്ള കർഷകർക്കു തിരിച്ചടിയാവുമെന്നാണു കർഷക സംഘങ്ങളുടെ വിലയിരുത്തൽ.

ഡൈഅമോണിയം ഫോസ്ഫേറ്റ്(ഡിഎടി) ചേർന്നതായതിനാൽ സാവധാനം മാത്രമേ എൻപികെ മിശ്രിതം മണ്ണിൽ അലിയുകയുള്ളു. അതിനാൽ ഒരിക്കൽ ഇട്ടാൽ വിളകൾക്കു കൂടുതൽ കാലം വളം ഗുണം ചെയ്യുമെന്നതാണു കർഷകരുടെ പ്രധാന ആകർഷണം. കർഷകർ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ കേന്ദ്രസർക്കാർ 50% സബ്സിഡി നൽകുന്നുണ്ട്. വളം നിരോധിച്ചതിനെതിരെ ചില ഉൽപാദകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂട്ടി നോട്ടിസ് നൽകാതെ നടത്തിയ നിരോധനം നിലനിൽക്കില്ലെന്നും പരാതി നൽകിയ കമ്പനികൾക്കു ഉൽപാദനത്തിനും വിതരണത്തിനും സാഹചര്യമൊരുക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി വിധിച്ചിരുന്നു. വിധി നടപ്പാക്കാൻ സർക്കാരിനു കോടതി നൽ‍കിയ കാലാവധി ഉടൻ അവസാനിക്കും.

1991ലാണ് ഈ വളം ഉൽപാദിപ്പിക്കാൻ അനുമതി നൽകി സർക്കാർ വിജ്ഞാപനമിറക്കിയത്. വളം ഉൽപാദനം തുടരുന്നതുസംബന്ധിച്ചു പഠനം നടത്തി തീരുമാനമെടുക്കുമെന്നു വിജ്ഞാപനത്തിൽ പറഞ്ഞെങ്കിലും പഠനമോ നിയന്ത്രണമോ ഉണ്ടായില്ല. മികച്ച ഫലം കണ്ടതിനെത്തുടർന്നു വളം കർഷകരുടെ ഇടയിൽ പ്രിയം നേടുകയും ടി സ്റ്റെയിൻസ്, ഷാവലാസ്, പിയേഴ്സ് ലെസ്‌ലി തുടങ്ങിയ നൂറ്റാണ്ടു പാരമ്പര്യമുള്ള കമ്പനികളടക്കം ഇതു വിപണിയിലിറക്കുകയും ചെയ്തു. വർഷം പതിനായരക്കണക്കിനു ടൺ വളം കർഷകർ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.