കോട്ടയം ∙ റബർ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന അവസരത്തിൽ കൃഷിക്കാർക്കു താങ്ങാകേണ്ട റബർ ബോർഡിനോടുള്ള കേന്ദ്ര അവഗണന ഓരോ ദിവസം കൂടുന്തോറും ഏറുന്നു.
തല തന്നെ ഇല്ലാത്ത നിലയിലാണു ബോർഡ് ഇപ്പോൾ. കാര്യങ്ങൾ പഠിക്കാനും നയപരമായ തീരുമാനങ്ങളെടുക്കാനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താനും പൂർണചുമതലയോടു കൂടിയ ചെയർമാൻ മാസങ്ങളായി ഇല്ല. പുതിയ ചെയർമാനെ നിയമിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തീരുമാനമായിട്ടില്ല. റബർ പ്രൊഡക്‌ഷൻ കമ്മിഷണറുടെയും സെക്രട്ടറിയുടെയും തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
രാജ്യത്തെ പ്രധാന റബർ ഉൽപാദന സംസ്ഥാനവും റബർ ബോർഡിന്റെ ആസ്ഥാനവുമായ കേരളത്തെ കേന്ദ്ര വിളകയറ്റുമതി നയത്തിന്റെ കരടിൽനിന്ന് ഒഴിവാക്കി. ഇതു റബർ ബോർഡിനോടുള്ള കേന്ദ്ര അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
റബർ ബോർഡിനുള്ള കേന്ദ്രഫണ്ട് വെട്ടിക്കുറച്ചു. ഇതോടെ റബർ കർഷകർക്കു റബർ ബോർഡ് നൽകുന്ന സബ്സിഡികൾ രണ്ടു വർഷമായി നൽകുന്നില്ല. റബർ നടീലിനും റീപ്ലാന്റിങ്ങിനും ഉൾപ്പെടെ സബ്സിഡി കിട്ടാതായതോടെ കേരളത്തിൽ മാത്രം ഇരുപതിനായിരത്തോളം കർഷകർ ദുരിതത്തിലായി.
നിതി ആയോഗിൽ നിന്ന് 220 കോടി രൂപ റബർ ബോർഡ് ആവശ്യപ്പെട്ടപ്പോൾ കിട്ടിയതു 132 കോടി. ഈ തുകയിൽ 74 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിനു ചെലവിടേണ്ടിവരും. ബാക്കി തുക മാത്രമേ പുതിയ റബർ ഇനങ്ങളുടെ ഗവേഷണത്തിനും സബ്സിഡിക്കും ഉപയോഗിക്കാൻ കഴിയൂ. സബ്സിഡിക്കു മാത്രം പ്രതിവർഷം ശരാശരി 50 മുതൽ 70 കോടി രൂപ വരെ വേണ്ടിവരും. സബ്സിഡി കുടിശിക 35 കോടി രൂപയാണ്. 2015–16 വർഷത്തേക്കുള്ള സബ്സിഡി അപേക്ഷപോലും ഇതുവരെ സ്വീകരിച്ചിട്ടില്ല. സബ്സിഡി നിർത്താനുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
ജീവനക്കാർ വിരമിക്കുന്നതിന് ആനുപാതികമായി റബർ ബോർഡിൽ പുതിയ നിയമനങ്ങൾ നടത്തുന്നില്ല. മുൻപ് രണ്ടായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്ന ബോർഡിൽ ഇപ്പോൾ 1400 പേരിൽ താഴെയേയുള്ളൂ.
റബർ മേഖലയിലെ ഗവേഷണങ്ങൾ പേരിനുമാത്രം നടക്കുന്നു. സാമ്പത്തികപ്രശ്നം മൂലം ബോർഡ് ഉദ്യോഗസ്ഥർ തോട്ടങ്ങൾ സന്ദർശിക്കുന്നതു നിർത്തി. കോട്ടയം ഉൾപ്പെടെ മൂന്നു റബർ ബോർഡ് റീജനൽ ഓഫിസുകളും 28 ഫീൽഡ് ഓഫിസുകളും ലയിപ്പിച്ചതു ബോർഡിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും അടിസ്ഥാനപ്രശ്നം പണം തന്നെയാണ്.