ആമസോൺ സ്ഥാപകനെ പിടിച്ചാൽ കിട്ടില്ല

വാഷിങ്ടൻ ∙ ഓൺലൈൻ വ്യാപാരക്കമ്പനി ആമസോൺ.കോം ഉൽപന്നങ്ങൾ വിലകുറച്ചു വിൽക്കുന്ന ‘പ്രൈം ഡേ’ മേളയ്ക്കു തുടക്കമിട്ട തിങ്കളാഴ്ച, കമ്പനി സ്ഥാപകൻ ജെഫ് ബെസോസിന്റെ ‘വില’ കുതിച്ചുയരുകയായിരുന്നു. 15,000 കോടി ഡോളർ (10 ലക്ഷം കോടിയിലേറെ രൂപ) കടന്നു ജെഫ് ബെസോസിന്റെ ആസ്തി മൂല്യം.

തൊട്ടു പിന്നിലുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി 14,900 കോടി ഡോളറാണെന്നും ബ്ലൂംബെർഗ് കണക്കാക്കുന്നു. ആമസോണിന്റെ ഓഹരി വില 1842 ഡോളറായി തിങ്കളാഴ്ച ഉയർന്നപ്പോഴാണ് ബെസോസ് 15,000 കോടി ഡോളർ എന്ന നാഴികക്കല്ല് താണ്ടിയത്. ആമസോണിന്റെ 16% ഓഹരിയാണിപ്പോൾ ബെസോസിനുള്ളത്.

ബിൽ ഗേറ്റ്സിന് 1999ൽ ഉണ്ടായിരുന്ന 10,000 കോടി ഡോളർ ആസ്തിയുടെ മൂല്യം ഇപ്പോൾ 14,900 കോടി ഡോളറാകേണ്ടതായിരുന്നെന്നു കണക്കാക്കുമെങ്കിലും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വൻ തുക നീക്കിവച്ചതോടെ 9530 കോടി ഡോളറാണ് വ്യക്തിഗത ആസ്തിയായി അവശേഷിക്കുന്നത്.