Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർച്ചയ്ക്കു തുടക്കമിട്ടതു തുർക്കിയുടെ ലീറ

വികസ്വര രാജ്യങ്ങളിലെ കറൻസികൾക്കു വിനയായതു തുർക്കിയിലെ നാണയമായ ലീറയിൽ നിക്ഷേപകർക്കുണ്ടായ വിശ്വാസത്തകർച്ചയാണ്. ഡോളറുമായുള്ള വിനിമയത്തിൽ ലീറയ്ക്ക് ഈ വർഷമുണ്ടായ നഷ്ടം 45 ശതമാനത്തിലെത്തി. ഇന്നലെ ഒറ്റ ദിവസംകൊണ്ടു ലീറയ്ക്കു 14 ശതമാനത്തോളം തകർച്ച നേരിട്ടപ്പോൾ അതിന്റെ പ്രതികരണം മറ്റെല്ലാ രാജ്യങ്ങളിലുമുണ്ടാകുകയായിരുന്നു.

നിക്ഷേപകർ ലീറയെ തീർത്തും കയ്യൊഴിഞ്ഞുവെന്നു മാത്രമല്ല യുഎസ് ഡോളർ, ജപ്പാനിലെ യെൻ എന്നിവയിൽ കൂടുതൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. ഇതാണു രൂപ ഉൾപ്പെടെയുള്ള നാണയങ്ങളെയെല്ലാം ദുർബലമാക്കിയത്. ലീറയിൽ നിക്ഷേപകർക്കു വിശ്വാസം നഷ്ടപ്പെടാൻ കാരണമുണ്ട്. തുർക്കിയിലെ പ്രസിഡന്റ് തയ്യിപ് എർദോഗൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കൂടുതലായി നിയന്ത്രിക്കുന്നതിലുള്ള ഉത്കണ്ഠയാണ് ഒരു കാരണം. യുഎസുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഉലയുന്നതു മറ്റൊരു കാരണം.

രൂപ ഇടിഞ്ഞത് 10%

10 ശതമാനത്തോളമാണു രൂപയ്ക്ക് ഈ വർഷം യുഎസ് ഡോളറുമായുള്ള വിനിമയത്തിലെ നഷ്ടം. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ഏഷ്യൻ കറൻസി എന്ന ദുഷ്പേരും രൂപയ്ക്കു കൈവന്നിരിക്കുകയാണ്. ഈ വർഷം ആദ്യം 63.62 നിലവാരത്തിലായിരുന്നു ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നിരക്ക്. ഇന്നലത്തെ ക്ലോസിങ് നിരക്ക് 69.93. നഷ്ടം 6.31 രൂപ. അതായത് 9.92%.

 മറ്റു ചില കറൻസികളുടെ ഈ വർഷത്തെ നഷ്ടം (ശതമാനക്കണക്കിൽ)

ഇന്തൊനീഷ്യൻ റുപ്പയ: 7.15

മെക്സിക്കൻ പെസോ: 6.38

കൊറിയൻ വോൺ: 5.63

ചൈനീസ് യുവാൻ: 5.36

തയ്‌വാൻ ഡോളർ: 3.11

സിംഗപ്പൂർ ഡോളർ: 2.80

മലേഷ്യൻ റിൻഗിറ്റ്: 1.12