കൊച്ചി∙ കറൻസി പ്രതിസന്ധിക്ക് അയവു വന്നെന്നു ധനമന്ത്രാലയം ആവർത്തിക്കുമ്പോഴും പണമില്ലെന്ന സന്ദേശമാണ് രാജ്യത്തെ പല എടിഎമ്മുകളും നൽകുന്നത്. 100, 200, 500 നോട്ടുകൾ കൂടുതലെത്തിച്ചു പ്രതിസന്ധി പരിഹരിക്കുകയാണെന്നു മന്ത്രാലയവും റിസർവ് ബാങ്കും പറയുന്നു. അതേസമയം, ഒരു ലക്ഷം കോടിയോളം രൂപയുടെ നോട്ടുകൾ കൂടി ആവശ്യമുണ്ടെന്നാണു വിലയിരുത്തൽ. തെലങ്കാനയിൽ ആരംഭിച്ചു പത്തു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ച പ്രതിസന്ധി വ്യവസായ മേഖലയെ മന്ദഗതിയിലാക്കി.
തളർന്ന് ഉപഭോക്തൃ–ഉൽപന്ന മേഖല
ഉൽസവ സീസണിൽ പണലഭ്യത കുറഞ്ഞത് ഉപഭോക്തൃ, ഉൽപന്ന കമ്പനികളെയും ഷോപ്പുകളെയും സാരമായി ബാധിച്ചു. സൂപ്പർമാർക്കറ്റ് ചെയിനുകൾക്കും നഷ്ടം നേരിട്ടു. നോട്ടു നിരോധനവും ജിഎസ്ടിയും തളർത്തിയ നിർമാണ മേഖലയ്ക്കു നോട്ടു ക്ഷാമവും പ്രഹരമായി. നോട്ടു നിരോധനത്തിനു ശേഷം ബാങ്കിങ് സംവിധാനത്തിലേക്കു മാറിയ സാധാരണക്കാരുടെ ജീവിതവും താളം തെറ്റി.
വ്യാപക റെയ്ഡ്
ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുകയാണ്. പണം പൂഴ്ത്തിവപ്പുകാരെ കണ്ടെത്തുകയാണു ലക്ഷ്യം. പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്ക് കൂടുതൽ പണം എത്തിച്ചതിനു പിന്നാലെയാണു പരിശോധന.
എടിഎമ്മുകളിൽ പണമെത്തി
രാജ്യത്തെ 80 ശതമാനം എടിഎമ്മുകളിലും പണം എത്തിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കി. പ്രതിസന്ധി പരിഹരിച്ചു വരികയാണെന്നും പണമില്ലെന്ന കിംവദന്തികൾ പരത്തി തെറ്റിദ്ധാരണയുണ്ടാക്കുന്നതിൽ നിന്നു ജനങ്ങൾ പിൻമാറണമെന്നും അദേഹം പറഞ്ഞു.
ഇനിയും കാത്തിരിക്കണം
പ്രതിസന്ധി പരിഹരിക്കാൻ ഏഴു മുതൽ 10 ദിവസം കൂടി വേണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ വ്യക്തമാക്കി. 2000, 500 നോട്ടുകളെ കൂടുതൽ ആശ്രയിച്ചതാണു പ്രതിസന്ധിക്കു കാരണം. 18.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ പ്രചരിക്കുന്നുണ്ടെന്നാണ് ആർബിഐ വ്യക്തമാക്കിയത്. ഇതിന്റെ 90 ശതമാനവും 2000, 500 നോട്ടുകളാണ്. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ഡിമാൻഡ് ഉള്ള 100, 200 നോട്ടുകൾ വളരെ കുറവാണ്. പ്രതിസന്ധിയുണ്ടായത് ഇതുകൊണ്ടാണെന്നും സംഘടന വ്യക്തമാക്കി.