പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം വന്നതിനു ശേഷം 18 മാസം കഴിഞ്ഞു. രാജ്യത്തെ കറൻസി ലഭ്യത കഴിഞ്ഞ കുറെ മാസങ്ങളായി സാധാരണ നിലയിലായിരുന്നു. എന്നാൽ, കുറച്ചു ദിവസമായി പല സംസ്ഥാനങ്ങളിലും കറൻസി ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ എടിഎമ്മുകൾ അടച്ചിട്ട നിലയിലാണ്. ആന്ധാപ്രദേശ്, തെലുങ്കാന, കർണാടക,മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണു പ്രതിസന്ധി രൂക്ഷം. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിൽ നിലവിലെ പ്രതിസന്ധി താൽക്കാലിക പ്രതിഭാസം മാത്രമല്ല. ദീർഘവീക്ഷണത്തോടെ ക്രിയാത്മകമായ ഇടപെടൽ നടത്തിയാൽ മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമാകൂ.
ഡിജിറ്റലൈസേഷൻ ഇഫക്ട്
രാജ്യത്തു 2,06,659 എടിഎമ്മുകളാണ് പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിന്റെ 2018 ഫെബ്രുവരിയിലെ കണക്കനുസരിച്ചു പ്രതിദിനം പിൻവലിക്കപ്പെടുന്ന 8,850 കോടി രൂപ എടിഎമ്മുകൾ വഴിയാണ്. ഇടപാടുകാരുടെ ആവശ്യം നിറവേറാൻ എടിഎം ഒന്നിനു ശരാശരി വേണ്ടത് 4.25 ലക്ഷം രൂപ. ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ നിലവിലെ എണ്ണം 90 കോടിയാണ്. ആളോഹരി വരുമാനം ഉയരുന്നതിനാലും ഗ്രാമ–നഗര അന്തരം കുറയുന്നതിനാലും എടിഎമ്മുകൾ വഴിയുള്ള ഇടപാടുകളിൽ വൻവർധനയാണു രേഖപ്പെടുത്തുന്നത്. ഉത്സവങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ സംഭരണകാലം തുടങ്ങിയ സീസണുകളിൽ എടിഎമ്മുകൾ അടച്ചിടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
2000 രൂപ നോട്ടുകളും വില്ലൻ
രാജ്യത്തു നിലവിൽ 18.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു വിനിമയത്തിലുള്ളത്. ഇതിൽ പ്രധാന പങ്ക് 2000 നോട്ടുകൾ. 6.7 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളാണു വിനിമയത്തിലുണ്ട്. ഇത് ആകെ വിനിമയത്തിലുള്ള നോട്ടുകളുടെ 36 ശതമാനമാണ്. കുറച്ചു മാസങ്ങളായി 2000 നോട്ടുകളുടെ അച്ചടി നിർത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാനകാരണമായി കണക്കാക്കുന്നത് 2000 നോട്ടുകളുടെ പൂഴ്ത്തിവയ്പ്പാണെന്നു വിലയിരുത്തപ്പെടുന്നു. 2016 ൽ 1000, 500 നോട്ടുകൾ നിരോധിക്കുമ്പോൾ കള്ളപ്പണത്തിന്റെ സ്വാധീനം കുറക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ന്യായീകരണമായി പറഞ്ഞത്. എന്നാൽ അതിലും മൂല്യം കൂടിയ 2000 നോട്ടുകൾ പൊതുവിനിമയത്തിനു ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. നോട്ടുനിരോധനത്തെ തുടർന്നാണ് 2000 ത്തിന്റെ നോട്ടുകൾ പുറത്തിറക്കിയത്.
നോട്ടുക്ഷാമവും തിരഞ്ഞെടുപ്പും
ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പണത്തിന്റെ ഒഴുക്കു സ്വഭാവികമാണ്. ഇരുപാർട്ടികൾക്കും ജിവൻമരണ പോരാട്ടമായതിനാൽ കർണാടകത്തിലേക്കു വൻതോതിലുള്ള പണത്തിന്റെ ഒഴുക്കു നോട്ടുവിനിമയത്തെ സാരമായി ബാധിച്ചെന്നാണ് സൂചന. അടുത്ത നടക്കാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്തും സമാന സ്ഥിതിവിശേഷം ഉടലെടുക്കാം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണു നോട്ടു നിരോധനവുമായി കേന്ദ്രസർക്കാർ ഉറങ്ങിത്തിരിച്ചത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ പൊതുതിരഞ്ഞെടുപ്പും നോട്ടുപ്രതിസന്ധിക്കും കാരണമാകാൻ സാധ്യതയുണ്ട്. കർണാടകത്തിൽ സംസ്ഥാന ഭരണകക്ഷിയും കേന്ദ്രഭരണകക്ഷിയും ഏറ്റുമുട്ടുമ്പോൾ പണത്തിന്റെ ഒഴുക്കു സ്വാഭാവികം മാത്രം.
ആശങ്ക പരത്തുന്ന എഫ്ആർഡിഐ ബിൽ
കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ്(എൻആർഡിഐ) ബിൽ ബാങ്ക് നിക്ഷേപകരിൽ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ കമ്പനികൾ, ഓഹരി വിപണി തുടങ്ങിയ സ്ഥാപനങ്ങൾ പാപ്പരാകുന്ന സാഹചര്യമൊഴിവാക്കാനുള്ള സംവിധാനമൊരുക്കാനാണ് എഫ്ആർഡിഐ ബിൽ ലക്ഷ്യമിടുന്നത്. ഇതിൽ ബാധ്യതകൾ എഴുതിത്തള്ളുന്നതു സംബന്ധിച്ച വ്യവസ്ഥയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ളത്.
ഇത്തരം നീക്കം നിക്ഷേപകരുടെ പണം നഷ്ടമാകുന്ന സാഹചര്യം ഉടലെടുക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. ഈ നീക്കം രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വളർച്ചാ നിരക്കിനെ ബാധിച്ചു. 54 വർഷത്തിനിടയിൽ ആദ്യമായി രാജ്യത്തെ ബാങ്കു നിക്ഷേപങ്ങളുടെ വളർച്ചാ നിരക്കിൽ ഇടിവുണ്ടായി. 2018 മാർച്ച് 30ന് രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം 114.75 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷവുമായി തട്ടിച്ചു നോക്കുമ്പോൾ വളർച്ച 6.7 % മാത്രം. മുൻ വർഷം വളർച്ച 15.3 ശതമാനമായിരുന്നു. 54 വർഷത്തെ ശരാശരി വളർച്ചാ നിരക്ക് 17.3 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്കു ലഭിക്കാൻ 9.28 ലക്ഷം കോടി രൂപ കൂടി നിക്ഷേപമായി ബങ്കുകളിൽ വരേണ്ടിയിരുന്നു. ബാങ്കുളിൽ നിക്ഷേപം കുറഞ്ഞപ്പോൾ പിൻവലിക്കുന്ന തുകയിൽ വർധനയുണ്ടായെന്നാണ് വിലയിരുത്തൽ.
ജിഡിപി വളരുന്നു; വളരാതെ നോട്ടു വിനിമയം
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചക്കൊപ്പം നോട്ടു വിനിമയത്തിന്റെ അനുപാതം ഇന്ത്യയിൽ ഉയരുന്നില്ലെന്നതാണ് വാസ്തവം. നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു വിനിമയത്തിലുണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോൾ 2018 മാർച്ച് 30ന് 18.04 ലക്ഷം കോടി രൂപയായി ഉയർന്നു. 102 ശതമാനം വളർച്ച. എന്നാൽ രാജ്യത്തിന്റെ ജിഡിപി വളർച്ചക്ക് അനുപാതമായി ഈ നിരക്ക് ഉയരാത്തതു സാമ്പത്തിക വിദഗ്ധർക്കിടയിൽ ആശങ്ക ഉളവാക്കുന്നു. സിഐഎസ് (കറൻസി ഇൻ സർക്കുലേഷൻ) – ജിഡിപി അനുപാതം ഇപ്പോൾ താഴ്ന്ന നിലയിലാണ്. 2009–10 കാലത്ത് ഇത് 12.30 % ആയിരുന്നു.
2010–11 (12.2%), 2011–12(12.2%), 2012–13(12.0%), 2013–14(11.6%), 2014–15 (11.6%), 2016–17(8.8%), 2017–18(10.7%) എന്ന നിലയിലാണ് അനുപാതം പോകുന്നത്. നോട്ടു നിരോധനം മൂലം കഴിഞ്ഞ വർഷം അനുപാതം 8.8% മാത്രമായിരുന്നു. ഇത്തവണ 10.6% മാത്രം. ആളോഹരി നോട്ടു ലഭ്യതയിലും ഇന്ത്യ വളരെ പിന്നിലാണ്. യുഎസ് ഡോളറിൽ കണക്കാക്കിയാൽ ഇന്ത്യയുടെ ആളോഹരി നോട്ടു ലഭ്യത 171 ഡോളർ മാത്രമാണ്. ചൈനയിൽ ഇത് 712 ഡോളറും. യുഎസ്(4,172 ഡോളർ), ജപ്പാൻ (6,456 ഡോളർ), സ്വിറ്റ്സർലാൻഡ് (8,759 ഡോളർ) എന്നീ ക്രമത്തിൽ മുന്നിട്ടു നിൽക്കുന്നു.
നോട്ടുക്ഷാമത്തിന് എന്തു പരിഹാരം?
2000 നോട്ടിനൊപ്പം മറ്റു ഇനത്തിൽപ്പെട്ട 500, 200, 100 നോട്ടുകൾ കൂടുതലായി അച്ചടിച്ചിറക്കുകയെന്നതാണ് പ്രധാന രക്ഷാമാർഗം. ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ 500 നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി ഉയർത്തുമെന്നു പറഞ്ഞിരുന്നു. രാജ്യത്തെ നാലു പ്രസുകളിലായി ദിവസേന 500 കോടി രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നുണ്ട്. 2500 കോടി രൂപയുടെ നോട്ടുകൾ ഉടനടി വിനിമയത്തിനായി ലഭ്യമാക്കാനാണ് പദ്ധതി. ഒരു മാസത്തിനകം 75,000 കോടി രൂപയുടെ നോട്ടുകൾ ലഭ്യമാക്കും.
രാജ്യത്തെ നോട്ടുകളുടെ വിനിമയ ലഭ്യത 23 ലക്ഷം കോടി രൂപയിലെത്തിയാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കൂ. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മെല്ലേപോക്കു നയത്തിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ കടുത്ത അമർഷം രേഖപ്പെടുത്തി കഴിഞ്ഞു. നോട്ടു ക്ഷാമം മൂലം പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന ബാങ്ക് ഉദ്യോഗസ്ഥർ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു വരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനുപാതമായി സമ്പദ്ഘടനയുടെ ഇതരമേഖലകളിലും പരിഷ്ക്കാരങ്ങൾ അനിവാര്യമായിരിക്കുന്നു എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നതും.