Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷാമം തീർന്ന് ‘തമറടിക്കണ’ കാലമായോ?; വേണം 70,000 കോടിയുടെ നോട്ടുകൾ

Bank ATM എടിഎമ്മിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം).

ന്യൂഡൽഹി∙ രാജ്യത്തെ നോട്ടുക്ഷാമം തീരുകയാണെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കേന്ദ്ര സർക്കാർ പറയുന്നു. പക്ഷേ, എടിഎമ്മുകൾ പലതും കാലിയാണ്. ജനത്തിന്റെ കയ്യിൽ പണമില്ല. എന്നാൽ, രണ്ടാഴ്ചത്തെ സമയം വേണമെന്നു റിസർവ് ബാങ്കും മറ്റു ബാങ്കുകളും ആവശ്യപ്പെടുന്നു. എത്ര പണം വേണം പ്രതിസന്ധി മറികടക്കാൻ? 70,000 കോടി മുതൽ ലക്ഷം കോടി വരെ രൂപ അധികമായി വേണമെന്നാണു സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ഏകദേശം ലക്ഷം കോടി രൂപയോളം പുതിയ നോട്ടുകൾ അച്ചടിച്ചു വിപണിയിൽ എത്തിച്ചാലേ പണപ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടൂ. പൊതുജനത്തിന്റെ കൈവശവും എടിഎമ്മുകളിലുമായി 20 ലക്ഷം കോടി രൂപയെങ്കിലും പണമായി വേണം. നിലവിൽ ഇത് 17.5 ലക്ഷം കോടി മാത്രം. 1.2 ലക്ഷം കോടിയുടെ ഡിജിറ്റൽ‌ പണമിടപാടേ രാജ്യത്തു നടക്കുന്നുള്ളൂ. ബാക്കി തുകയത്രയും വിനിമയം ചെയ്യുന്നത് കറൻസിയായാണ്. ഇതാണു ക്ഷാമത്തിന്റെ ഒരു കാരണം. ‘2016 നവംബറിലെ നോട്ടുനിരോധത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്. നോട്ടു ക്ഷാമം ദീർഘകാലത്തേക്കുണ്ടാകും’ – ആക്സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ ‌പറഞ്ഞു.

ഈ സാമ്പത്തിക വർഷം 10.8 ശതമാനം ആഭ്യന്തര വളർച്ചാനിരക്ക് (ജിഡിപി) കണക്കാക്കിയാൽ ജനത്തിന്റെ പക്കൽ ഈ മാർച്ചിൽ വേണ്ടത് 19.4 ലക്ഷം കോടി രൂപ. എസ്ബിഐയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് 1.9 ലക്ഷം കോടിയുടെ കുറവ്. ‘വിടവ് ഒരു പരിധിവരെ മറികടക്കാൻ ഡിജിറ്റൽ പണമിടപാടുകൾക്കു സാധിച്ചിട്ടുണ്ട്. ഇതുപക്ഷേ 1.2 ലക്ഷം കോടിയേ വരൂ. 70,000 കോടിയുടെ കുറവ് അപ്പോഴുമുണ്ട്’– എസ്ബിഐ ചീഫ് ഇക്കണോമിക് ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണു കറൻസിക്ഷാമം ആദ്യമുണ്ടായത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. മിക്ക എടിഎമ്മുകളും നോട്ടുകളില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. പണം ലഭ്യമാകുന്ന മുറയ്ക്ക് എടിഎമ്മുകൾ പ്രവർത്തന സജ്ജമാക്കുന്നുണ്ടെന്നും പ്രശ്നം വിശകലനം ചെയ്യുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു. 500 രൂപ നോട്ടിന്റെ അച്ചടി അഞ്ചിരട്ടിയാക്കാൻ കേന്ദ്ര സർക്കാരും നിർദേശിച്ചിട്ടുണ്ട്.

ഇത്രയും നോട്ടിന് വേണം രണ്ടാഴ്ച

നാല് നോട്ട് അച്ചടിശാലകളാണു രാജ്യത്തുള്ളത്. കർണാടകയിലെ മൈസൂരു, ബംഗാളിലെ സൽബോണി എന്നിവിടങ്ങളിലാണ് 500, 2000 തുടങ്ങി കൂടിയ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കുന്നത്. രണ്ടു കേന്ദ്രങ്ങളിലുമായി ഒരു വർഷം 1600 കോടി നോട്ടുകൾ അച്ചടിക്കാം. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡിനാണു രണ്ടു പ്രസുകളുടെയും മേൽനോട്ടം. മധ്യപ്രദേശിലെ ദേവാസ്, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിലാണു ചെറിയ മൂല്യമുള്ള നോട്ട് അച്ചടിക്കുന്നത്. സർക്കാരിന്റെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് ഈ പ്രസുകളുടെ ചുമതല.

നോട്ടുകളുടെ ആവശ്യം കൂടിയതും എടിഎം ഉപയോഗത്തിലെ വർധനയുമാണു പ്രതിസന്ധിക്കു മറ്റൊരു കാരണമായി പറയുന്നത്. 2012 മുതൽ 2016 വരെ ശരാശരി 8.2 ശതമാനമായിരുന്നു എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ. ഇപ്പോഴിത് 12.2 ശതമാനമായി ഉയർന്നു. കറൻസി–ജിഡിപി അനുപാതം വച്ചുനോക്കിയാൽ രാജ്യത്ത് 20 ലക്ഷം കോടി രൂപ നോട്ടായി വേണമെന്ന് കെയർ റേറ്റിങ്സ് ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ 70,000 കോടിയുടെ നോട്ടു വേണം. 500 രൂപയുടെ നോട്ടുകൾ വ്യാപകമാക്കുകയാണ് ഇതിനുള്ള പോംവഴി. ഇത്രയും നോട്ടുകൾ അച്ചടിക്കാൻ പ്രസുകൾക്കു രണ്ടാഴ്ചത്തെ എങ്കിലും സമയം വേണം.