പെരിന്തൽമണ്ണ ∙ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 3,22,27,500 രൂപയുടെ നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിൽ.
നാദാപുരം ചാലപ്പുറം ഒതിയാത്ത് ഷംസുദ്ദീൻ എന്ന ഷംസു (42), കൊളത്തൂർ കുറുപ്പത്താൽ പൂവാലപ്പടി മുഹമ്മദ് ഇർഷാദ് (22), കൊളത്തൂർ കുറുപ്പത്താൽ കുന്നിൻപുറത്ത് മുഹമ്മദ് നജീബ് (26), കോഴിക്കോട് പുതിയങ്ങാടി ചന്ദ്രാലയം റിജു (37), കോഴിക്കോട് പന്നിയങ്കര ഹാഷിം മൻസിലിൽ ഹാഷിം (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ച ഡൽഹി റജിസ്‍ട്രേഷനിലുള്ള കാറും ബൈക്കും പൊലീസ് പിടികൂടി.
പെരിന്തൽമണ്ണ ഡിവൈഎസ്‍പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ എഎസ്‍പി സുജിത് ദാസ്, സിഐ സാജു കെ.ഏബ്രഹാം എന്നിവർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു ബൈപാസ് ബസ് സ്റ്റാൻഡ് പരിസരത്തുവച്ചു പിടികൂടിയത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റിസർവ് ബാങ്കുവഴി മാറ്റിയെടുക്കാൻ വിദേശത്തു ജോലി ചെയ്യുന്നവർക്കു സമയം അനുവദിച്ചതു മുതലെടുത്തു പണം വിദേശത്തേക്കു കടത്താനുള്ള ശ്രമത്തിലായിരുന്നു സംഘമെന്നാണു പൊലീസ് നിഗമനം.
കോഴിക്കോട് വിമാനത്താവളത്തിൽ 13 ലക്ഷത്തിന്റെ സ്വർണവേട്ട
കരിപ്പൂർ ∙ രണ്ടു കളിപ്പാട്ടക്കാറുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 13 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 56 പവൻ (447 ഗ്രാം) സ്വർണം കാറുകളുടെ യന്ത്രഭാഗം എന്ന രീതിയിൽ മെർക്കുറി ഉപയോഗിച്ച് വെള്ളിനിറം പൂശിയിരുന്നു.
ദുബായിൽനിന്ന് ഇന്നലെ രാവിലെ എട്ടിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് പൂനൂർ സ്വദേശി അസ്‌നാഫി(27)ന്റെ ലഗേജിൽനിന്നാണു സ്വർണം കണ്ടെടുത്തത്. കസ്റ്റംസ് ഇന്റലിജൻസ് കേസെടുത്തു.