ദോഹ ∙ എണ്ണ ഉൽപാദനം വർധിപ്പിക്കണോയെന്നു ചർച്ചചെയ്യാനായി ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ അൽജീറിയയിൽ യോഗം ചേരാനിരിക്കേ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 79.65 ഡോളർ വരെ ഉയർന്നു.
യുഎസ് സമ്മർദമുണ്ടെങ്കിലും നിലവിലുള്ള ഉൽപാദന നയത്തിൽ മാറ്റം വരുത്താൻ ഒപെക് തയാറായേക്കില്ലെന്നാണു സൂചന. യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് മറ്റ് ഒപെക് രാജ്യങ്ങൾ പരിഹരിക്കണമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.
ഇന്ധന വിലവർധന, നവംബറിൽ യുഎസിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. ഉൽപാദനം വർധിപ്പിച്ചു വില നിയന്ത്രിക്കാൻ ട്രംപ് ഒപെകിൽ സമ്മർദംചെലുത്തുന്നതിന് ഇതും ഒരു കാരണമാണ്. യുഎസ് ഊർജ സെക്രട്ടറി റിക്കി പെറി റഷ്യ, സൗദി എണ്ണമന്ത്രിമാരുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.