വിയന്ന∙ പ്രതിദിന എണ്ണ ഉല്‍പാദനം 12 ലക്ഷം ബാരൽ കുറയ്ക്കാൻ തീരുമാനം. വിയന്നയിൽ നടന്ന ഒപെക്(ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്) രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം. തീരുമാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനയുണ്ടായി.
ആഗോള ഉല്‍പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് കുറയ്ക്കുന്നതെന്നു അധികൃതർ അറിയിച്ചു. 12 ലക്ഷം കുറയ്ക്കുന്നതിൽ 8 ലക്ഷം ഒപെക് രാഷ്ട്രങ്ങളും 4 ലക്ഷം റഷ്യ ഉൾപ്പെടെയുള്ള മറ്റു എണ്ണ ഉല്‍പാദന രാജ്യങ്ങളുമായിരിക്കും കുറയ്ക്കുക. എന്നാൽ അമേരിക്കയുടെ വിലക്ക് നേരിടുന്ന ഒപെക് അംഗമായ ഇറാൻ തീരുമാനത്തോട് സഹകരിക്കില്ല.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്ത രാജ്യമായ ഇന്ത്യയെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന വർദ്ധന സർക്കാരിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. 2014 നവംബർ മുതൽ 2016 ജനുവരി വരെ ഒമ്പതു തവണ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.