ദോഹ∙ രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കാൻ ഉൽപാദനം വർധിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും, ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളിലെ പ്രധാനി റഷ്യയും തള്ളി. അൽജീരിയയിൽ ചേർന്ന യോഗം ഉൽപാദനവർധന ശുപാർശ ചെയ്തില്ല.
എണ്ണ വില ഇന്നലെ ബാരലിന് 80 ഡോളർ മറികടന്നെങ്കിലും പിന്നീട് 78.80 ഡോളറിലേക്കു താഴ്ന്നു. ജൂണിൽ തീരുമാനിച്ച ഉൽപാദന നിയന്ത്രണം 100% പാലിക്കാൻ യോഗം തീരുമാനിച്ചു. ഓഗസ്റ്റിൽ ഒപെക് രാജ്യങ്ങൾ പ്രതിദിനം ആറു ലക്ഷം ബാരൽ ഉൽപാദനമാണു കുറച്ചത്.
ഇതു ലക്ഷ്യമിട്ടതിനേക്കാൾ 27% അധികമായതിനാൽ നിയന്ത്രണ കരാർ പാലിച്ചു തന്നെ ഉൽപാദനം വർധിപ്പിക്കാനും ഒപെക് രാജ്യങ്ങൾക്കു കഴിയും. ഒപെക്– ഒപെക് ഇതര സമിതിയുടെ അടുത്ത യോഗം നവംബർ 11ന് അബുദാബിയിലും ഒപെക് യോഗം ഡിസംബർ 6, 7 തീയതികളിൽ വിയന്നയിലും നടക്കും.