ദോഹ∙ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് ഖത്തർ പിൻമാറും. ജനുവരി ഒന്നുമുതൽ സംഘടനയിൽ അംഗമായിരിക്കില്ലെന്നും പ്രകൃതി വാതക(എൽഎൻജി) ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും ഊർജ സഹമന്ത്രിയും ഖത്തർ പെട്രോളിയം പ്രസിഡന്റുമായ സാദ് ഷെരിദ അൽ കാബി അറിയിച്ചു. സൗദിയുൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ഒന്നര വർഷമായി തുടരുന്ന ഉപരോധവുമായി തീരുമാനത്തിനു ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും, മധ്യ പൗരസ്ത്യ മേഖലയിലും ഒപെക്കിലും പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് ഈ തീരുമാനം വഴിയൊരുക്കാം. 1961 മുതൽ ഒപെക് അംഗരാജ്യമാണു ഖത്തർ.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഉൽപാദന നിയന്ത്രണം ഉൾപ്പെടെ തീരുമാനിക്കാൻ ഒപെക് രാജ്യങ്ങളുടെ നിർണായക യോഗം ഈ മാസം ആറിന് വിയന്നയിൽ നടക്കാനിരിക്കെയാണ് ഖത്തറിന്റെ പിൻമാറ്റം. വിയന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. ഒപെക്കിന്റെ എണ്ണ കയറ്റുമതിയിൽ 2% മാത്രം പങ്കാളിത്തമുള്ള ഖത്തറിനു പക്ഷേ എൽഎൻജി ഉൽപാദനത്തിൽ പ്രമുഖ സ്ഥാനമുണ്ട്. പ്രതിവർഷം 7.7 കോടി ടണ്ണിൽ നിന്ന് 11 കോടി ടണ്ണാക്കി എൽഎൻജി ഉൽപാദനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.