ദോഹ∙ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് പിൻമാറാനുള്ള ഖത്തറിന്റെ തീരുമാനം രാജ്യാന്തര എണ്ണ വിപണിയിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കില്ല. അതേ സമയം, ഒപെക്കിലെ സൗദിയുടെ മേധാവിത്വത്തിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണു ഖത്തറിന്റെ നീക്കം. 57 വർഷമായുള്ള ഒപെക് ബന്ധം അവസാനിപ്പിക്കുന്ന ഖത്തർ സംഘടന വിടുന്ന ആദ്യ ഗൾഫ് രാജ്യമാണ്.
ഒപെക്കിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 2% മാത്രമാണ് ഖത്തറിന്റെ പങ്കാളിത്തം. പ്രതിദിനം ഏകദേശം 10 ലക്ഷം ബാരൽ. അതുകൊണ്ടു തന്നെ ഖത്തറിന്റെ പിൻമാറ്റം രാജ്യാന്തര എണ്ണ വിപണിയെ കാര്യമായി ബാധിക്കില്ല. മധ്യ പൗരസ്ത്യ മേഖലയിൽ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോൾ പോലും ഉലയാതെ നിന്നതാണ് ഒപെക്കിലെ ഐക്യം. 1980ലെ ഇറാൻ- ഇറാഖ് യുദ്ധവും, 1991ലെ ഇറാഖ്- കുവൈത്ത് യുദ്ധവും ഒപെക്കിൽ പ്രതിസന്ധി സൃഷ്ടിച്ചില്ല. ഇറാനും ഇറാഖും തമ്മിലും, ഇറാനും സൗദി അറേബ്യയും തമ്മിലും രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോഴും ഒപെക് യോഗത്തിൽ ഈ രാജ്യങ്ങൾ ഒരുമിച്ചിരിക്കാറുണ്ട്. രാജ്യാന്തര എണ്ണ വില നിശ്ചയിക്കുന്നതിൽ നിർണായക ഇടപെടലുകൾ നടത്താൻ ഒപെക്കിനു കഴിഞ്ഞിട്ടുമുണ്ട്.
എണ്ണ വില ഉയർത്താൻ ശ്രമിക്കുന്നു എന്നപേരിൽ ഒപെക്കിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ വിമർശനമാണു സമീപകാലത്തു നടത്തുന്നത്. ഒപെക്കിനെ നിയന്ത്രിക്കാനായി നിയമ നിർമാണം നടത്താൻ പോലും യുഎസ് ആലോചിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ പ്രകൃതിവാതകത്തിന്റെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് ഖത്തറിന്റെ പിൻമാറ്റം. ദോഹ ആസ്ഥാനമായി ഗ്യാസ് എക്‌സ്‌പോർട്ടിങ് കൺട്രീസ് ഫോറം(ജിഇസിഎഫ്) പ്രവർത്തിക്കുന്നുണ്ട്. 1960ൽ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി, വെനസ്വേല എന്നീ രാജ്യങ്ങൾ ചേർന്നാണ് ഒപെക് രൂപീകരിച്ചത്. 1961ൽ ഖത്തർ അംഗമായി.
എണ്ണ വില 60 ഡോളർ കടന്നു
ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില വീണ്ടും 60 ഡോളർ കടന്നു. യുഎസ്- ചൈന വ്യാപാര തർക്കത്തിൽ താൽക്കാലിക ശമനമുണ്ടായതും എണ്ണ ഉൽപാദന നിയന്ത്രണമേർപ്പെടുത്താനുള്ള സാധ്യതയുമാണ് എണ്ണ വില വർധിക്കാൻ കാരണമായത്. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 62.60 ഡോളർ വരെയെത്തി.