സംഘടിത തൊഴിൽ മേഖലയിലെ ജീവനക്കാർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി വലിയൊരു ആത്മബന്ധമുണ്ട്. അവസാന കാലത്തു പെൻഷൻ തരുന്നു എന്നതിനെക്കാൾ അടിയന്തരഘട്ടത്തിൽ ചോദിക്കാതെ തന്നെ പണം കടം തരുന്ന കൂട്ടുകാരനോടുള്ള ബന്ധം പോലെയാണത്. വിവാഹം, ഭവന നിർമാണം, ചികിൽസാച്ചെലവ്, ലോൺ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം, ജോലി നഷ്ടപ്പെടൽ തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകാൻ സാധ്യതയുള്ള ഏതു സാമ്പത്തിക ദുഃസ്ഥിതിയിലും ധൈര്യസമേതം പ്രോവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപത്തെ ആശ്രയിക്കാം.
തൊഴിലാളിയുടെ വിഹിതം, അതിനു ലഭിക്കുന്ന പലിശ, തൊഴിലുടമയുടെ വിഹിതം, അതിനു ലഭിക്കുന്ന പലിശ എന്നിങ്ങനെ നാലു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ ബാലൻസ്. ചില ഘട്ടങ്ങളിൽ നാലും ചേർന്ന തുക പിൻവലിക്കാം. അതേസമയം മറ്റു ചില സാഹചര്യങ്ങളിൽ നാലിൽ ഏതെങ്കിലും ചില ഘടകങ്ങളേ പിൻവലിക്കാൻ അനുവദിക്കൂ. പ്രോവിഡന്റ് ഫണ്ട് ഓഫിസിൽ നിന്നു ലഭിക്കുന്ന ഏതു സേവനവും www.epfindia.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും നിർവഹിക്കാം
പാർപ്പിടമൊരുക്കാൻ കൂട്ട്
ഏറ്റവും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ഇപിഎഫ് അക്കൗണ്ടിൽ വിഹിതം അടച്ചവർക്കാണ് ഈ സഹായം ലഭിക്കുക.
സ്ഥലം വാങ്ങാൻ: 24 മാസത്തെ അടിസ്ഥാന ശമ്പളം, ഡിഎ എന്നിവ ചേർന്ന തുക.
വീട്, ഫ്ലാറ്റ്, അപ്പാർട്മെന്റ് വാങ്ങൽ: 36 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും, അതല്ലെങ്കിൽ തൊഴിലുടമയും തൊഴിലാളിയും അതുവരെ അടച്ച തുകയും പലിശയും, അതുമല്ലെങ്കിൽ വീടു വാങ്ങാനോ വയ്ക്കാനോ ആവശ്യമായ ആകെ തുക, ഇതിൽ ഏതാണോ കുറവ് അതാണ് അനുവദിക്കുക. തൊഴിലാളി നൽകുന്ന സാക്ഷ്യപത്രമല്ലാതെ മറ്റൊരു രേഖയും സമർപ്പിക്കേണ്ട. പുനർ നിർമാണം, അറ്റകുറ്റപ്പണി: 12 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും, അല്ലെങ്കിൽ തൊഴിലാളിയുടെ വിഹിതവും പലിശയും, അതുമല്ലെങ്കിൽ ആകെ നിർമാണച്ചെലവ് ഏതാണോ കുറവ് ആ തുക ലഭിക്കും. പത്തു വർഷം അംഗത്വമുള്ളവർക്കാണ് ഈ സഹായം ലഭിക്കുക.
വായ്പ തിരിച്ചടവിനു സഹായം
ബാങ്കിൽനിന്നോ മറ്റേതെങ്കിലും ഏജൻസിയിൽനിന്നോ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ തുക പിൻവലിക്കാം. 10 വർഷം അംഗത്വം വേണം. 36 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന തുകയോ, തൊഴിലാളി–തൊഴിലുടമ വിഹിതവും അതിന്റെ പലിശയും ചേർന്ന തുകയോ, അതുമല്ലെങ്കിൽ വായ്പയുടെ ആകെ മുതലും പലിശയും ചേർന്ന തുകയോ ഏതാണോ കുറവ് ആ തുകയാണ് അനുവദിക്കുക. വായ്പ തിരിച്ചടയ്ക്കേണ്ട ഏജൻസിയിൽ നിന്ന് അടയ്ക്കേണ്ട മുതലിന്റെയും പലിശയുടെയും സാക്ഷ്യപ്പെടുത്തിയ വിവരം സമർപ്പിക്കേണ്ടതുണ്ട്.
ജോലി നഷ്ടപ്പെട്ടാലും സഹായം
തൊഴിൽ സ്ഥാപനം 15 ദിവസത്തിൽ കൂടുതൽ അടഞ്ഞു കിടക്കുകയോ രണ്ടു മാസത്തിൽ കൂടുതൽ വേതനം ലഭിക്കാതിരിക്കുകയോ ചെയ്താൽ തുക പിൻവലിക്കാം. തൊഴിലാളി വിഹിതവും അതിന്റെ പലിശയുമാണു ലഭിക്കുക. തൊഴിലുടമ നൽകുന്ന സാക്ഷ്യപത്രം ഇതിനായി സമർപ്പിക്കേണ്ടതുണ്ട്. നിശ്ചിത വർഷത്തെ അംഗത്വം നിർബന്ധമില്ല.
ആറു മാസത്തിൽ കൂടുതൽ തൊഴിൽ സ്ഥാപനം അടഞ്ഞു കിടന്നാൽ തൊഴിലുടമ അതുവരെ അടച്ച മുഴുവൻ തുകയും പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്.
ചികിൽസാ സഹായം
പിഎഫ് അക്കൗണ്ട് ഉടമയ്ക്കോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ ചികിൽസയ്ക്കായി സഹായം ലഭിക്കും. ആറു മാസത്തെ അടിസ്ഥാന ശമ്പളും ഡിഎയും ചേർന്ന തുകയോ അല്ലെങ്കിൽ തൊഴിലാളി വിഹിതവും പലിശയും ചേർന്ന തുകയോ ഏതാണോ കുറവ് അതാണു ലഭിക്കുക. നിശ്ചിത അംഗത്വ കാലാവധിയില്ല. തൊഴിലുടമയും ഡോക്ടറും സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കണം.
വിവാഹ സഹായം
അക്കൗണ്ട് ഉടമയുടെയോ മക്കളുടെയോ സഹോദരങ്ങളുടെയോ വിവാഹത്തിനാണു സഹായം. തൊഴിലാളി വിഹിതത്തിന്റെ അൻപതു ശതമാനവും അതിന്റെ പലിശയും പിൻവലിക്കാം. ഏഴു വർഷം അംഗത്വമുണ്ടായിരിക്കണം, മൂന്നു തവണ വരെ ഈ ആനുകൂല്യം കൈപ്പറ്റാം.
ഉന്നത വിദ്യാഭ്യാസം
ഏഴു വർഷത്തെ അംഗത്വമുണ്ടെങ്കിൽ മക്കൾക്കു പത്താം ക്ലാസിനു ശേഷം പഠനം തുടരാൻ തൊഴിലാളി വിഹിതത്തിന്റെ 50 ശതമാനവും പലിശയും പിൻവലിക്കാം. പഠനത്തിന്റെയും പഠനച്ചെലവിന്റെയും വിശദവിവരങ്ങൾ പിഎഫ് ഓഫിസിൽ സമർപ്പിക്കേണ്ടതുണ്ട്. പരമാവധി മൂന്നു തവണ വരെ ആനുകൂല്യം.