Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് മിനിമം പെൻഷൻ തീരുമാനിക്കാൻ കേസ് തീരണം; റിപ്പോർട്ടും കിട്ടണം: മന്ത്രി

Employee Provident Fund - EPF

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലുള്ള 21 റിട്ട് ഹർജികളിൽ തീരുമാനമാവുകയും ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഒക്ടോബറിൽ ലഭിക്കുകയും ചെയ്താലുടൻ പിഎഫ് പെൻഷൻ ഉയർത്തുന്ന കാര്യം തൊഴിൽമന്ത്രാലയം പരിഗണിക്കുമെന്നു പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ മേഘ്‌വാൾ രാജ്യസഭയിൽ പറഞ്ഞു. സർക്കാരിന്റെ സബ്സിഡി വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 1.16 ശതമാനത്തിൽ നിന്നു നാലോ അഞ്ചോ ശതമാനമായി ഉയർത്തണമെന്ന ആവശ്യവും റിപ്പോർട്ട് ലഭിച്ചശേഷം പരിഗണിക്കും. പ്രതിമാസ മിനിമം പെൻഷൻ 1000 രൂപയെന്നതു 3000 രൂപയാക്കണമെന്നും വിലസൂചികയുമായി ബന്ധപ്പെടുത്തണമെന്നും ട്രേഡ് യൂണിയനുകൾ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഉന്നതതലസമിതി മൂന്നുതവണ യോഗം ചേർന്നു.

നിലവിലുള്ള ശമ്പള പരിധിവച്ചു കണക്കുകൂട്ടുമ്പോൾ പെൻഷൻ 2500 രൂപയ്ക്കടുത്തു വരും. സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ വിളിച്ചുകൂട്ടിയ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയെ തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്‌വാർ അറിയിച്ചു. റിപ്പോർട്ട് വൈകുന്നതിലുള്ള ആശങ്ക പ്രേമചന്ദൻ ഇക്കഴിഞ്ഞ ദിവസം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതെത്തുടർന്നാണു മന്ത്രി അനന്ത്കുമാർ മുൻകൈയെടുത്ത് ഈ യോഗം വിളിച്ചത്. ലോക്സഭയിൽ ഈ വിഷയം സംബന്ധിച്ചു പ്രേമചന്ദ്രൻ സ്വകാര്യപ്രമേയം അവതരിപ്പിച്ചതിനെ തുടർന്നു രൂപീകരിക്കപ്പെട്ട സമിതിയുടെ കാലാവധി ഒക്ടോബർ മൂന്നുവരെ വീണ്ടും ദീർഘിപ്പിച്ചിരിക്കുകയാണ്.