Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ്: ഇനി നിർണായകം രാഷ്ട്രീയ തീരുമാനം; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം േതടാൻ ഇപിഎഫ്ഒ

epfo-logo

ന്യൂഡൽഹി∙ പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട തൊഴിലാളി വിരുദ്ധ ഭേദഗതികൾ ഹൈക്കോടതി റദ്ദാക്കിയതോടെ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പരിഗണനയിൽ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് നിർണായകമാകും. വിധിയിൽ ഇനിയെന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ നിയമ മന്ത്രാലയത്തോട് ആലോചിച്ചാവും ഇപിഎഫ്ഒ അന്തിമ തീരുമാനമെടുക്കുക. പൊതുതാൽപര്യത്തിനു വിരുദ്ധമായി സുപ്രീം കോടതിയെ സമീപിക്കുന്നതു രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. 5 സംസ്ഥാന നിയമസഭകളിലേക്കും പിന്നാലെ ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനവിരുദ്ധ നടപടിയെടുത്താൽ പ്രതിപക്ഷം അതു സർക്കാരിനെതിരെ ആയുധമാക്കും.

അപ്പീൽ നൽകുന്നില്ലെങ്കിൽ, ഹൈക്കോടതി വിധി അനുസരിച്ചു ഭേദഗതികൾ റദ്ദാക്കി ഇപിഎഫ്ഒ വിജ്ഞാപനം പുറപ്പെടുവിക്കും. അപ്പീൽ നൽകേണ്ടെന്നു തീരുമാനിച്ചാൽ, വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകില്ലെന്ന് അധികൃതർ സൂചിപ്പിച്ചു. ഭേദഗതികൾ റദ്ദാക്കിയതിന്റെ ആനുകൂല്യങ്ങൾ വിജ്ഞാപനമിറങ്ങുന്നതിനുപിന്നാലെ പെൻഷൻകാർക്കു ലഭിക്കും. ഇപിഎഫ്ഒ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ മുൻപു സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ, അവ കൂടി തീർപ്പാക്കിയശേഷമായിരിക്കും തുടർ നടപടികളിലേക്കു സർക്കാർ കടക്കുക. അടുത്ത മാസം പകുതിയോടെ ഹർജി കോടതിയുടെ പരിഗണനയ്ക്കു വരും. നാഷനൽ കോൺഫെഡറേഷൻ ഓഫ് റിട്ടയറീസ്, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുൾപ്പെടെയുള്ള സംഘടനകളാണു കോടതിയെ സമീപിച്ചിരിക്കുന്നത്.