കോഴിക്കോട്∙ ഇപിഎഫ് പെൻഷൻ കേസിലെ കേരള ഹൈക്കോടതി വിധി അംഗീകരിച്ച് ഇപിഎഫ്ഒ പുതിയ വിജ്ഞാപനമിറക്കിയാൽ, നിലവിലെ തുച്ഛമായ പെൻഷനിൽ വരിക പലമടങ്ങു വർധന. കൂടുതൽ ശമ്പളമുള്ളവർക്കു പെൻഷൻ വർധനാ നിരക്കും കൂടും. പൂർണ പെൻഷൻ (ഒടുവിൽ വാങ്ങിയ ശമ്പളത്തിന്റെ പകുതി) ലഭിക്കാൻ 35 വർഷത്തെ സർവീസ് വേണമെന്നാണു വ്യവസ്ഥ. 20 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് 2 വർഷം സർവീസ് വെയ്റ്റേജ് ലഭിക്കും. പെൻഷൻ സ്കീം തുടങ്ങിയത് 1995 നവംബറിലായതിനാൽ പൂർണ പെൻഷൻ ആർക്കെങ്കിലും ലഭിക്കണമെങ്കിൽ 2028 ആകണം. പെൻഷൻ എത്രയെന്നറിയാൻ സേവന കാലാവധിയെ 70 കൊണ്ടു ഹരിച്ച ശേഷം ശരാശരി ശമ്പളം കൊണ്ടു ഗുണിച്ചാൽ മതി.
ശരാശരി ശമ്പളമെന്നാൽ വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പളത്തിന്റ ശരാശരിയാണ്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിവയ്ക്കു പുറമേ ഗ്രേഡ്പേ/ വേരിയബിൾ പേ ഉണ്ടെങ്കിൽ അതുംകൂടി ചേർത്തതാണ് പെൻഷനു കണക്കാക്കുന്ന ശമ്പളം. എച്ച്ആർഎ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ ബാധകമല്ല. നിലവിലുള്ള രീതി പ്രകാരം, വിരമിക്കുമ്പോഴുള്ള ശമ്പളം എത്ര ഉയർന്നതായാലും പെൻഷനു കണക്കാക്കുന്ന ശമ്പളത്തിന് ഇപിഎഫ്ഒ നിശ്ചയിച്ച പരിധി ബാധകമാണ്. ഇത് പെൻഷൻ സ്കീം തുടങ്ങിയപ്പോൾ 5,000 രൂപയും 2001 ജൂൺ മുതൽ 6,500 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപയുമാണ്. ഉയർന്ന ശമ്പളക്കാർക്കും തുച്ഛമായ പെൻഷൻ ലഭിക്കാനുള്ള കാരണവും ഈ പരിധി നിശ്ചയിക്കൽ തന്നെ. ഉയർന്ന പെൻഷൻ ലഭിക്കേണ്ടവർ യഥാർഥ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രമാണ് നേരത്തേ ഫണ്ടിലേക്ക് അടച്ചിട്ടുണ്ടാകുക. ഇത് 2001 മേയ് വരെ മാസം 416 രൂപയും 2001 ജൂൺ മുതൽ 2014 ഓഗസ്റ്റ് വരെ മാസം 541 രൂപയും പിന്നീടിതുവരെ മാസം 1250 രൂപയുമാണ്.
സർവീസിലുള്ളവരിൽനിന്ന് ബാക്കി ഫണ്ടിലേക്ക് ലഭിക്കാനുള്ള തുക പലിശ സഹിതം പിഎഫ് അക്കൗണ്ടിൽനിന്നു കിഴിവു ചെയ്യും. അതേ സമയം, വിരമിച്ചവർ പിഎഫ് തുക പിൻവലിച്ചുപോയതിനാൽ പ്രത്യേകമായി തിരിച്ചടയ്ക്കേണ്ടിവരും. ഇത്തരക്കാർക്കു പെൻഷൻ ലഭിക്കുമ്പോൾ വിരമിച്ചതു മുതലുള്ള കുടിശ്ശിക ലഭിക്കാനുണ്ടാകുമെന്നതിനാൽ ഒന്നിച്ച് അടയ്ക്കേണ്ടിവരുന്ന തുക മിക്കവാറും തിരികെ ലഭിക്കുകയും ചെയ്യും.
ഇനിയുള്ള കടമ്പകൾ
പ്രശ്നം പഠിച്ച് പരിഹാരം നിർദേശിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച എച്ച്.ഐ.സമരിയ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ. മറ്റു പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിൽ നിലവിലുള്ള സമാന കേസുകളിലെ വിധിയും ഇപിഎഫ്ഒ ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ തീരുമാനവും വരാനുണ്ട്. നാലര കോടിയിലേറെ വരുന്ന ഇപിഎഫ് വരിക്കാർക്ക് ആശ്വാസമേകുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഇപിഎഫ് പെൻഷൻ സംബന്ധിച്ച കേസിൽ മുൻപും കേരള ഹൈക്കോടതി വിധി അംഗീകരിച്ചുള്ള വിധിയാണ് സുപ്രീംകോടതിയും പുറപ്പെടുവിച്ചത് എന്നതിനാൽ മറിച്ചൊരു വിധി വരില്ലെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.