മൂന്നാർ ∙ പ്രളയത്തെ തുടർന്നുണ്ടായ മാന്ദ്യം മറികടക്കാൻ സഞ്ചാരികൾക്ക് ഓഫറുകളുമായി വിനോദ സഞ്ചാര മേഖല. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലും സൂര്യനെല്ലി കൊളുക്കുമലയിലും നീലക്കുറിഞ്ഞികൾ പൂവിട്ടതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങി. എന്നാൽ എത്തുന്നതിൽ അധികവും ഒരു ദിവസത്തെ സന്ദർശനത്തിനു ശേഷം മടങ്ങുന്നവരാണ്. മൂന്നാറിൽ ഏതാണ്ട് ഏഴായിരത്തോളം ഹോട്ടൽ മുറികളാണുള്ളത്. പ്രളയക്കെടുതി രൂക്ഷമായ ഓഗസ്റ്റിൽ ഹോട്ടലുകൾ കാലിയായിരുന്നു. ഈ മാസം പകുതിയോടെ 25% മുറികൾക്കു മാത്രമാണു ബുക്കിങ്. ഹോട്ടലുകൾ വാടക നിരക്കിൽ 20–50% ഡിസ്കൗണ്ട് നൽകുന്നുണ്ട്.
കാലാവസ്ഥ അനുകൂലമായതോടെ സഞ്ചാരികളുടെ എണ്ണം ഉയരുമെന്നാണു പ്രതീക്ഷയെന്ന് മൂന്നാർ ഹോട്ടൽ ആൻഡ് റിസോർട്ട്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 12 വർഷത്തിനു ശേഷമെത്തുന്ന നീലക്കുറിഞ്ഞിക്കാലത്ത് 8 ലക്ഷം സഞ്ചാരികളെയാണു പ്രതീക്ഷിച്ചിരുന്നത്. തേക്കടിയെ പ്രളയം കാര്യമായി ബാധിച്ചില്ലെങ്കിലും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവു കുറഞ്ഞതു തിരിച്ചടിയായിരുന്നു. രണ്ടാഴ്ചയായി സഞ്ചാരികളുടെ വരവു കൂടിയിട്ടുണ്ട്.
മാട്ടുപ്പെട്ടി, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ, അഞ്ചുരുളി, ഇടുക്കി ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതോടെ ഡിടിപിസിക്ക് 50 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചതോടെ ശനി, ഞായർ ദിവസങ്ങളിലും അവധിദിനങ്ങളിലും അണക്കെട്ടിലേക്ക് സഞ്ചാരികളെ അനുവദിക്കുന്നുണ്ട്.
ഇന്നു കൊച്ചിയിൽ ആരംഭിക്കുന്ന കേരള ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ള 200 ടൂറിസം പ്രതിനിധികൾ ഒക്ടോബർ 1, 2 തീയതികളിൽ മൂന്നാറും തേക്കടിയും സന്ദർശിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളടക്കുള്ള റോഡുകളെല്ലാം ഗതാഗത യോഗ്യമാണ്.