പറന്നുയരാൻ പദ്ധതികളുമായി കൊച്ചി വിമാനത്താവളം

നവീകരിക്കുന്ന ആഭ്യന്തര ടെർമിനലിന്റെ രൂപരേഖ.

പ്രളയം തളർത്തിയ മുറിവുകളുണക്കി വീണ്ടും പറന്നുയരാൻ തയാറെടുത്ത് സിയാൽ. 

1. പുതിയ ആഭ്യന്തര ടെർമിനൽ 

ആഭ്യന്തര ടെർമിനൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിന്നും ആറു ലക്ഷം ചതുരശ്ര അടി വിസ്തീർണവുമായാണ് വികസിപ്പിക്കുന്നത്. പഴയ രാജ്യാന്തര ടെർമിനലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ ആഭ്യന്തര ടെർമിനലായി വികസിപ്പിക്കുന്നത്. ഡിസംബറിൽ തുറക്കും. 56 ചെക്ഇൻ കൗണ്ടറുകൾ, 11 ഗേറ്റുകൾ, 7എയ്റോബ്രിജുകൾ, 4 എസ്കലേറ്ററുകൾ, 8 എലിവേറ്ററുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. മണിക്കൂറിൽ 2000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. വലിയ ഷോപ്പിങ് ഏരിയ, 700 നിരീക്ഷണ ക്യാമറകൾ, 1300 മൾട്ടി സെൻസർ ഫയർ ഡിറ്റക്ടറുകൾ എന്നിവയുണ്ടാകും. അടുത്ത 20 വർഷത്തേക്ക് ഉപയോഗിക്കാൻ കണക്കാക്കിയാണു പുനരുദ്ധാരണം നടക്കുന്നത്. 

2. സൗരോർജശേഷി വർധിപ്പിക്കൽ 

നിലവിൽ 29.1 മെഗാവാട്ട് ആണ് സിയാലിലെ സൗരോർജ പ്ലാന്റുകളുടെ ശേഷി. പുതിയ ആഭ്യന്തര ടെർമിനൽ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ആവശ്യമായി വന്നേക്കാവുന്ന അധിക ഊർജച്ചെലവു കണക്കിലെടുത്താണു ശേഷി 40 മെഗാവാട്ട് ആയി ഉയർത്തുന്നത്. പുതിയ രാജ്യാന്തര ടെർമിനലിനു മുന്നിൽ 2.7 മെഗാവാട്ട് ശേഷിയുള്ളതും 1300 കാറുകൾക്കു പാർക്കു ചെയ്യാവുന്നതുമായ സൗരോർജ മേൽക്കൂരയുള്ള കാർ പാർക്കിങ് ഏരിയ നിർമിച്ച് ഇന്ത്യയിലെ വലുതും ലോകത്തെ രണ്ടാമത്തേതുമായ കാർപോർട്ട് എന്ന ഖ്യാതി നേടിയത് കഴിഞ്ഞ സാമ്പത്തികവർഷമാണ്. കഴിഞ്ഞ വർഷം തന്നെ കനാലിനു മുകളിൽ രണ്ടു കിലോമീറ്റർ നീളത്തിൽ പാനലുകൾ സ്ഥാപിച്ച് 6 മെഗാവാട്ട് ശേഷിയും കൈവരിച്ചു. 

3. ഉൾനാടൻ ജലപാത വികസനം 

സംസ്ഥാനത്തിന്റെ 10 ജില്ലകളെ ബന്ധിപ്പിച്ച് കോവളം മുതൽ ബേക്കൽ വരെ ഗതാഗതയോഗ്യമായ ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരും സിയാലും ചേർന്ന് സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്. ഇതിനായി സിയാലിന്റെ നേതൃത്വത്തിൽ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പേരിൽ സബിസിഡിയറി കമ്പനിയും രൂപീകരിച്ചു. ടൂറിസം വികസന സാധ്യതകൾ മുതലെടുത്ത് സംസ്ഥാനത്തിനു വൻ സാമ്പത്തിക കുതിപ്പുണ്ടാക്കുകയാണു ലക്ഷ്യം. ആദ്യഘട്ടം 2020ലും രണ്ടും മൂന്നും ഘട്ടങ്ങൾ 2022ലും 2025ലും പൂർത്തിയാക്കുകയാണു ലക്ഷ്യം.