ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇന്ധന വിലയിൽ കുറവുവരുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. നികുതി വരുമാനത്തിൽ തൊടാതെ വില പിടിച്ചുനിർത്താനുള്ള സാധ്യതയാണു തേടുന്നത്. ഇതിനായി എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയുമായി ചർച്ച വൈകാതെ പുനരാരംഭിച്ചേക്കുമെന്നാണു സൂചന.
എക്സൈസ് തീരുവയിൽ തൊടുന്നത് അറ്റകൈയ്ക്കു മതിയെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പു വർഷത്തിൽ നികുതി വരുമാനത്തിലെ കുറവു വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിനു പിന്നിൽ. ഏതായാലും വിലയിൽ കുറവുണ്ടാകുമെന്നു ബിജെപി കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നു. ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നു നേരത്തേ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. കർണാടക നിയമസഭയിലേക്കു വോട്ടെടുപ്പിനു ശേഷം ഇന്ധന വില കുതിച്ചുയർന്നതു വിമർശനത്തിന് ഇടയാക്കിയപ്പോഴായിരുന്നു ഇത്. എന്നാലിപ്പോൾ ബിജെപിക്കിതു നിലനിൽപ്പിന്റെ പ്രശ്നമാവുകയാണ്.
ഇന്ധനവില പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോഴൊക്കെ പ്രതിസന്ധിയായി ഓരോ പ്രശ്നങ്ങളുണ്ടായെന്നാണു ബിജെപി വിലയിരുത്തൽ. ഇതിനിടെ, ഇന്ധനവിലയിൽ അടക്കം ബിജെപി ജനങ്ങളെ കൊള്ളടയടിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിച്ചു.