Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടുത്ത് ഓട്ടം നിർത്തി സ്വകാര്യ ബസുകൾ

color-bus-private

ഡീസൽ വിലവർധന ഉൾപ്പെടെയുള്ള  പ്രശ്നങ്ങൾ മൂലം സർവീസ് നിർത്തിവച്ചു സ്വകാര്യ ബസുകൾ. വടക്കൻ കേരളത്തിലാണു സ്ഥിതി രൂക്ഷം. സർവീസ് നിർത്തിവയ്ക്കുമ്പോൾ മോട്ടോർ വാഹന വകുപ്പ് നൽകേണ്ട ഫോം ജി സർട്ടിഫിക്കറ്റിനായി തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിൽ അപേക്ഷ നൽകിയത് 493 ബസുകൾക്കായി; സംസ്ഥാനത്താകെ ഇങ്ങനെ 619 ബസുകൾ. അപേക്ഷ നൽകാതെ തന്നെ 1106 ബസുകൾ സർവീസ് നിർത്തിവച്ചതായാണു ബസുടമ സംഘടനകൾ പറയുന്നത്. 

അതേസമയം, ഫോം ജി അപേക്ഷ ഇത്രത്തോളമില്ലെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. അപേക്ഷ ഉദ്യോഗസ്ഥർ വാങ്ങുന്നില്ലെന്നു ബസുടമകളും പറയുന്നു. 

private-bus

നികുതി ഒഴിവാകുമെന്നതും പെർമിറ്റ് റദ്ദാകില്ലെന്നതുമാണു ഫോം ജി സർട്ടിഫിക്കറ്റ് ലഭിച്ചാലുള്ള മെച്ചം. പിന്നീട് നികുതി അടച്ച് സർവീസ് പുനരാരംഭിക്കുകയുമാകാം. ഡീസൽ വിലവർധനയും പ്രളയാനന്തരം പലയിടത്തുമുള്ള റോഡുകളുടെ സ്ഥിതിയുമാണു ബസുടമകൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ. 75,000 രൂപ വരെ അധികച്ചെലവുണ്ടാകുന്നു. പുതിയ നിർദേശമനുസരിച്ചുള്ള ബോഡി നിർമാണവും ചെലവു കൂട്ടുന്നതായാണു വാദം. 

സർക്കാരിനു നികുതി നഷ്ടമാകുമെന്നതും ജീവനക്കാർക്കു ജോലിയില്ലാതാകുമെന്നതും സർവീസുകൾ നിർത്തിവയ്ക്കുന്നതിന്റെ മറുവശം. കൊല്ലം ജില്ലയിൽ 14 ബസുകൾ പെർമിറ്റ് തന്നെ റദ്ദാക്കി; ജോലി നഷ്ടപ്പെട്ടവർ 84. എറണാകുളം, കാസർകോട് ജില്ലകളിൽ ഇരുനൂറിലേറെപ്പേർക്കു വീതം ജോലിയില്ലാതായി. കോഴിക്കോട്ടും 16 ബസുകൾ പെർമിറ്റ് റദ്ദാക്കാൻ അപേക്ഷ നൽകി. പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓടുന്ന ബസുകൾ പോലും കലക്‌ഷൻ കുറവുള്ള ട്രിപ്പുകൾ റദ്ദാക്കുന്നു. വയനാട്ടിൽ ഒരു വർഷത്തിനിടെ പെർമിറ്റ് റദ്ദാക്കിയ ബസുകൾ 120. 

ബസുകളുടെ ഓട്ടം നിർത്തൽ വ്യാപകമല്ല: വാഹന വകുപ്പ്

തിരുവനന്തപുരം∙ ഇന്ധനവില വർധനയെത്തുടർന്നു സ്വകാര്യ ബസുകൾ വ്യാപകമായി സർവീസ് നിർത്തുന്നുവെന്ന പ്രചാരണം ശരിയല്ലെന്നു മോട്ടോർ വാഹനവകുപ്പ്. സർവീസ് നിർത്തിവച്ച അപേക്ഷകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായ മാറ്റമില്ല. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 794 ബസുകളാണു സർവീസ് നിർത്തിവയ്ക്കാനുള്ള ജി ഫോം അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 786 ബസുകൾ സർവീസ് നിർത്തിയിരുന്നു. 15 വർഷത്തെ കാലാവധി തീർന്ന ബസുകളാണ് ഇതിൽ ഭൂരിഭാഗമെന്നും വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 

സർവീസ് നിർത്തിയ ബസുകളുടെ എണ്ണം– മേഖല തിരിച്ച്: 

∙ 2017 ഏപ്രിൽ–സെപ്റ്റംബർ

തിരുവനന്തപുരം–159, എറണാകുളം 122, തൃശൂർ–300, കോഴിക്കോട് –200. ആകെ 786

∙ 2018 ഏപ്രിൽ–സെപ്റ്റംബർ

യഥാക്രമം 179, 104, 305, 208. ആകെ 794