1984ൽ മാനേജ്മെന്റ് ട്രെയിനി ആയി ഐസിഐസിഐ ലിമിറ്റഡിൽ ചേർന്ന ചന്ദ കൊച്ചാറിന്റെ വളർച്ച രാജ്യത്തെ ബാങ്കിങ് ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അഴിമതി ആരോപണമുയരുന്നതുവരെയും സ്ത്രീശക്തിയുടെ പ്രതീകമായും ആരാധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അവരുടേത്. 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.ഏറ്റവും ശക്തരായ വനിതകളുടെ പട്ടികകളിൽ സ്ഥിരം സാന്നിധ്യവുമായിരുന്നു അവർ. കഴിഞ്ഞ വർഷം വാങ്ങിയ ശമ്പളം 6.4 കോടി രൂപ.
2009ൽ 48–ാം വയസ്സിൽ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിക്കപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവിയായി അവർ. അതിശക്തനായ കെ.വി.കാമത്ത് ചെയർമാൻ സ്ഥാനത്തുനിന്നു മാറുമ്പോൾ ചന്ദയെ ആ സ്ഥാനത്തു നിയമിച്ചത് സീനിയോറിറ്റി മാനിക്കാതെയായിരുന്നു. സീനിയർ ആയിരുന്ന ശിഖ ശർമ ഐസിഐസിഐ ബാങ്ക് വിട്ട് ആക്സിസ് ബാങ്കിലെത്താൻ കാരണവും അതായിരുന്നു.
ചന്ദ ഒട്ടേറെ പ്രതിസന്ധികളിൽനിന്ന് ഐസിഐസിഐ ബാങ്കിനെ കരകയറ്റുകയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറ്റുകയും ചെയ്തു. വേണുഗോപാൽ ധൂത് നയിക്കുന്ന വിഡിയോകോൺ ഗ്രൂപ്പുമായുള്ള ഇടപാടുകളാണ് പടിയിറക്കത്തിനു വഴിയൊരുക്കിയത്. ഭർത്താവ് ദീപക് കൊച്ചാറും ധൂതുമായുള്ള ബിസിനസ് ബന്ധങ്ങൾ ചന്ദ മറച്ചുവച്ചെന്നുമാത്രമല്ല, വിഡിയോകോണിന് 3250 കോടി രൂപ വായ്പ കൊടുക്കാനുള്ള തീരുമാനമെടുക്കാനുള്ള സമിതിയിൽനിന്ന് ഒഴിവായതുമില്ല. സ്വകാര്യ താൽപര്യങ്ങൾ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിക്ക് ഇതാണ് അടിസ്ഥാനം. ആ വായ്പ കിട്ടാക്കടമാകുകയും ചെയ്തു.
സിബിഐയും ഓഹരി വിപണി നിയന്ത്രണ ഏജൻസി(സെബി)യും എൻഫോഴ്സ്മെന്റ് വിഭാഗവും ബാങ്കിന്റെ അന്വേഷണ സമിതിയും ചന്ദയുടെ കാലത്തെ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നുണ്ട്. ദീപക് കൊച്ചാറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ സിബിഐ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഓഹരിയുടമകളുടെ ശക്തമായ പ്രതിഷേധവും കൂടിയായപ്പോഴാണ് ബാങ്ക് ചന്ദയ്ക്കുള്ള പിന്തുണ പിൻവലിച്ചത്.
ചന്ദയുടെ നേതൃത്വത്തിൽ ബാങ്ക് വളർന്നെങ്കിലും സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്ക് എന്ന സ്ഥാനം എച്ച്ഡിഎഫ്സി ബാങ്ക് പിടിച്ചെടുത്തിരുന്നു. മൊത്തം ബാങ്കുകളെടുത്താൽ, പൊതുമേഖലാ ബാങ്കായ എസ്ബിഐ ആണു ബിസിനസ് വലുപ്പത്തിൽ മുന്നിൽ. രണ്ടാമത് എച്ച്ഡിഎഫ്സി ബാങ്ക്. ഏറെ പിന്നിലാണ് മൂന്നാം സ്ഥാനത്തെ ഐസിഐസിഎ.