കോട്ടയം ∙ ഇറച്ചിക്കോഴി വില ഒറ്റയടിക്കു 25 രൂപയോളം കുറഞ്ഞു. തമിഴ്നാട്ടിലെ മൊത്തവിപണിയിൽ ഇന്നലെ കിലോഗ്രാമിന് 100 രൂപയായി ഇറച്ചിക്കോഴി വില താഴ്ന്നു. വ്യാഴാഴ്ച കിലോയ്ക്ക് 125 രൂപയായിരുന്നു തമിഴ്നാടു ഫാം നിരക്ക്. ഇതോടെ കേരളത്തിലെ ചെറുകിട വിപണിയിൽ വില കിലോയ്ക്കു 130 രൂപയായി കുറഞ്ഞിട്ടുണ്ട്.
ഇന്നലെ കോയമ്പത്തൂരിൽ ചേർന്ന ബ്രോയിലർ കോഓർഡിനേഷൻ കമ്മിറ്റി യോഗമാണു ഇറച്ചിക്കോഴി വില കുറയ്ക്കാൻ തീരുമാനിച്ചത്. കിലോയ്ക്കു 100 രൂപ നിരക്കിൽ ഫാമുകളിൽ നിന്നു കോഴികളെ വിൽക്കാനും കമ്മിറ്റി നിർദേശിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കമ്പനികളുടെ ഫാമുകൾക്കു നിർദേശം നൽകിയതോടെ കോഴി വില താഴ്ന്നു. കോഴി ഫാമുകളിലെ വിലയ്ക്കൊപ്പം 25 രൂപ മുതൽ 30 രൂപ വരെ ചെറുകിട കടകളിൽ കൂടുതൽ നൽകണം.
മൂന്നാഴ്ച മുമ്പു കിലോഗ്രാമിന് 50 രൂപ വരെ താഴ്ന്ന കോഴിവില കമ്പനികൾ നടത്തിയ വില കയറ്റൽ നീക്കം മൂലമാണു കുത്തനെ ഉയർന്നത്. ദിവസം കിലോയ്ക്കു 10 രൂപ നിരക്കിൽ വില കമ്പനികൾ വില ഉയർത്തിക്കൊണ്ടിരുന്നു. ഉത്തരേന്ത്യയിലെ ഉത്സവ വിപണി വിൽപ്പന മുന്നിൽ കണ്ടുകൊണ്ടാണു കമ്പനികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത്. ഇതിനായി ഇറച്ചിക്കോഴി ഉത്പാദനം മൂന്നാഴ്ച മുമ്പു കമ്പനികൾ കുറച്ചു. വിലക്കയറ്റം വിവാദമാകുമ്പോൾ ഉപഭോക്താക്കൾ മറ്റു മാംസങ്ങളിലേക്കു തിരിയുമെന്നതാണു ഭീതിക്കു കാരണം.