Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയമാണ് മസ്തിഷ്കം; ഒക്ടോബർ 29 ലോക മസ്തിഷ്‌കാഘാത ദിനം

brain-stroke

മനുഷ്യരുടെ മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനം സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതത്തിനാണ്. ആറു പേരിൽ ഒരാൾക്കു പ്രായഭേദമെന്യേ ഒരിക്കലെങ്കിലും സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകാം. അതിലൊരാൾ നിങ്ങളാകാം.

എന്താണ് സ്‌ട്രോക്ക്

തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. ബ്രെയിൻ അറ്റാക്ക് എന്നും ഇതിനെ വിളിക്കാം. തലച്ചോറിലേക്കുള്ള അനുസ്യൂതമായ രക്തപ്രവാഹത്തിന് ഏതെങ്കിലും വിധത്തിൽ തടസ്സം നേരിടുകയാണെങ്കിൽ മസ്തിഷ്‌ക കോശങ്ങൾ ആവശ്യമായ പോഷക പദാർഥങ്ങളും ഓക്‌സിജനും ലഭ്യമാകാതെ നശിച്ചുപോകും.

ലക്ഷണങ്ങൾ

തലച്ചോറിന്റെ ഏതു ഭാഗത്താണ് തകരാറ് എന്നതനുസരിച്ചായിരിക്കും ലക്ഷണങ്ങൾ. സാധാരണ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്.

പെട്ടെന്നു ശരീരത്തിന്റെ ഒരുവശം

തളരുക.

മുഖം കോടിപ്പോവുക.

പെട്ടെന്നു സംസാരശേഷി നഷ്ടപ്പെടുക. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക.

പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുക.

പെട്ടെന്നു ബോധക്ഷയം ഉണ്ടാവുക.

ശക്തമായ തലവേദനയും തലകറക്കവും.

കാരണങ്ങൾ

അമിതമായ രക്തസമ്മർദം.

പ്രമേഹം

പുകവലി, മദ്യപാനം

പൊണ്ണത്തടി, വ്യായാമക്കുറവ്

അധിക കൊഴുപ്പ്

ഹൃദയ സംബന്ധമായ രോഗങ്ങൾ.

അടിയന്തര ചികിത്സ

സ്‌ട്രോക്ക് ലക്ഷണങ്ങൾ തുടങ്ങി രോഗി ആശുപത്രിയിലെത്തുന്ന സമയത്തിനനുസരിച്ച് ചികിത്സാരീതിയിലും മാറ്റം വരുന്നു.  രക്തക്കുഴൽ അടഞ്ഞ് ഉണ്ടാകുന്ന ഇസ്‌ക്കീമിക്ക് സ്‌ട്രോക്കിനാണ് ഈ സമയം ഏറെ പ്രധാനപ്പെട്ടത്. സ്‌ട്രോക്ക് തുടങ്ങി 3 മുതൽ നാലര മണിക്കൂറിനകം രോഗി ആശുപത്രിയിലെത്തിയാൽ രക്തതടസ്സം അലിയിക്കാനുള്ള കുത്തിവയ്പ് കൊടുക്കാം. എത്ര പെട്ടെന്ന് ഈ മരുന്നു കൊടുക്കാൻ സാധിക്കുന്നു എന്നതിനനുസരിച്ച്, അതിന്റെ ഫലവും വ്യത്യാസപ്പെടും. ഒരു മണിക്കുറിനുള്ളിൽ മരുന്നു കൊടുക്കാൻ സാധിച്ചാൽ ഏറ്റവും നല്ലത്. കൂടാതെ തീവ്രപരിചരണം, രക്തം കട്ടപിടിക്കുന്നതു തടയാനുള്ള മരുന്നുകൾ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ തുടങ്ങിയവ നിയന്ത്രിക്കുകയും പ്രധാനമാണ്.  ഇതോടൊപ്പം ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി മുതലായവ വഴി രോഗിയെ എത്രയുംപെട്ടെന്നു ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിയും.

എങ്ങനെ  പ്രതിരോധിക്കാം

സ്‌ട്രോക്ക് പ്രധാനമായും ഒരു ജീവിതശൈലീ രോഗമാണ്. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതുതന്നെയാണ് പ്രതിരോധ മാർഗം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നീ അപകട ഘടകങ്ങളെ തിരിച്ചറിയുക. കൃത്യമായ വ്യായാമം. ആരോഗ്യകരമായ ശാരീരിക തൂക്കം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക.

മെക്കാനിക്കൽ ത്രോം ബെക്ടമി

തലച്ചോറിലെ പ്രധാന ധമനികളിൽ രക്തം കട്ടപിടിച്ചാൽ കുത്തിവെപ്പിലൂടെ മാത്രം അത് അലിയണമെന്നില്ല. ഒരു ചെറിയ കത്തീറ്റർ അഥവാ ട്യൂബ് തുടയിലെ രക്തക്കുഴലിലൂടെ കടത്തി തലച്ചോറിലെ രക്തക്കുഴലിലെത്തിക്കുന്നു. രക്തക്കട്ട വലിച്ചെടുക്കാനുള്ള ഒരു സ്റ്റെന്റ് ട്യൂബിലുണ്ടാവും. അതുപയോഗിച്ച് രക്തക്കട്ട വലിച്ചെടുക്കുന്നു. ഈ ചികിത്സാരീതിക്കും സമയ പരിധിയുണ്ട്.

ട്രാൻസിയന്റ്  ഇസ്‌കീമിക്ക് അറ്റാക്ക്

സ്‌ട്രോക്കിന്റെ അവസ്ഥാന്തരം ആണിത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ചെറിയ രീതിയിൽ കാണിക്കുകയും അധികം താമസിയാതെ അതു ചികിത്സിക്കാതെ സ്വയം ശരിയാകുകയും ചെയ്യും. ഇതിനും ചികിൽസ വേണം. കാരണം ഇത്തരം വ്യക്തികൾക്കു താമസിയാതെ ഗുരുതര സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

കുടുംബാംഗങ്ങളും കരുതണം

സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുകയാണ് പ്രധാനം. വിദഗ്ധ ഡോക്ടറുടെ ചികിത്സ എത്രയും പെട്ടെന്നു രോഗിക്കു ലഭ്യമാക്കുക. മുടങ്ങാതെ മരുന്നുകൾ നൽകുക. രോഗിക്ക് അർഹിക്കുന്ന സ്‌നേഹവും അംഗീകാരവും തുടർന്നും നൽകുക. ഫിസിയോ തെറപ്പി കൃത്യമായി ചെയ്താൽ സ്‌ട്രോക്കിൽ നിന്നുള്ള പരമാവധി തിരിച്ചുവരവ് ഉറപ്പാക്കാനാവും.

തളരാതെ മുന്നോട്ട്

പക്ഷാഘാതത്തിനു ശേഷമാണ് കൈത്താങ്ങ് വേണ്ടത്. എത്രയും പെട്ടെന്നുള്ള രോഗനിർണയവും വിദഗ്ദധ ചികിത്സയുമാണ് അത്യാവശ്യം. പുനരധിവാസം രോഗാവസ്ഥയുടെ ആദ്യനാളുകളിൽ തന്നെ തുടങ്ങണം. സ്‌ട്രോക്ക് നഴ്‌സ്, ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യൂപ്പേഷനൽ തെറപ്പിസ്റ്റ,് സോഷ്യൽ വർക്കർ എന്നിവർ അടങ്ങുന്ന സ്‌ട്രോക്ക് പുനരധിവാസ സംഘത്തിന്റെ നേതൃത്വം വേണം. ആദ്യത്തെ ചുവട് രോഗികളുടെ വൈകല്യം നിർണയിക്കുക എന്നതാണ്. അതിനു ശേഷം രോഗികൾക്കു മാനസികവും, വൈകാരികവുമായ പിന്തുണ നൽകി അവരെ തിരിച്ചു കൊണ്ടുവരാം.

ഡോ. വി.എൻ. ആശ, കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ്, ലൂർദ് ആശുപത്രി, കൊച്ചി.

‘‘പ്രതിരോധത്തിൽ നിന്നു ചികിത്സയിലേക്കും പിന്നീടു തുടർ പരിചരണത്തിൽ നിന്നും പുനരധിവാസത്തിലേക്കും കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് വേണ്ടത്. പക്ഷാഘാതം തടയാനും ചികിൽസിക്കാനും സാധിക്കും. തുടർ പരിചരണവും ആവശ്യമാണ്. ’’

ഡോ. ദിലീപ് കെ. മാത്തൻ, ന്യൂറോ സർജൻ, മെഡിക്കൽ ട്രസ്റ്റ്. 

‘‘സ്‌ട്രോക്ക് ചികിൽസയ്ക്ക് ഒരു ആപ്തവാക്യമുണ്ട്– ‘സമയമാണ് മസ്തിഷ്‌കം’. സ്‌ട്രോക്ക് സംഭവിച്ചു കഴിഞ്ഞുള്ള ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. ഉടനടിയുള്ള ചികിത്സയിലാണ് രോഗിയുടെ തുടർജീവിതം നിലകൊള്ളുന്നത്. ’’