മേരിലാൻഡ് (യുഎസ്)∙ മനുഷ്യജീവിതങ്ങളെ കാർന്നുതിന്നുന്ന കാൻസറിനെതിരായ ഗവേഷണത്തിൽ വലിയ വഴിത്തിരിവ്. അത്യാധുനിക രക്തപരിശോധനയിലൂടെ എട്ടു തരം കാൻസറുകൾ വളരെ നേരത്തേ കണ്ടെത്താനാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. വരുംവർഷങ്ങളിൽ പുതിയ രക്തപരിശോധനാ സംവിധാനം പൊതുജനത്തിനു ലഭ്യമായിത്തുടങ്ങും.
യുഎസിലെ ഗവേഷണ സർവകലാശാലയായ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ നേതൃത്വത്തിലാണു പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം. യുഎസ്, ഓസ്ട്രേലിയ രാജ്യങ്ങളിലെ ഗവേഷകസംഘം 1000 രോഗികളിൽ നടത്തിയ പരീക്ഷണം വിജയിച്ചു. ഗർഭപാത്രം, കരൾ, പാൻക്രിയാസ്, അന്നനാളം, കുടൽ, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലെ കാൻസറാണ് രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനാവുക.
സൂക്ഷിക്കുക; റെഡ് മീറ്റ് കാന്‍സർ ക്ഷണിച്ചു വരുത്തും
സ്തനാര്‍ബുദം തടയാന്‍ ഇവ ശീലമാക്കൂ
രക്തപരിശോധനയിലൂടെ മാത്രം കാൻസർ കണ്ടെത്താനാകുമെന്നതു ചികിൽസാമേഖലയിൽ വൻ മാറ്റമുണ്ടാക്കുമെന്നു ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ പീറ്റർ ഗിബ്സ് പറഞ്ഞു. നിലവിൽ കാൻസറിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോഴാണു പരിശോധന നടത്തുന്നത്. രോഗത്തിന്റെ അവസാനഘട്ടത്തിൽ ചികിൽസ തുടങ്ങുന്നതാണ് മരണസംഖ്യ കൂടാനിടയാക്കുന്നത്.
രക്തപരിശോധന എങ്ങനെ ?
രക്തത്തിൽ ഒഴുകി നടക്കുന്ന, രൂപമാറ്റം സംഭവിച്ച ഡിഎൻഎ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ നേട്ടം. ഇതോടൊപ്പം കാൻസറുമായി ബന്ധമുള്ള പ്രോട്ടീനുകളും തിരിച്ചറിയാം. പരീക്ഷണഘട്ടത്തിൽ ഇങ്ങനെ തിരിച്ചറിഞ്ഞ 16 ജീനുകൾ കാൻസറായി മാറിയത് കണ്ടെത്തി. പരീക്ഷണത്തിനു സന്നദ്ധരായെത്തിയ കാൻസറില്ലാത്ത 800 പേരിൽ നടത്തിയ പരിശോധനയും വിജയമായിരുന്നു. 70 ശതമാനം കൃത്യതയാണു ഗവേഷകർ അവകാശപ്പെടുന്നത്. രോഗം നേരത്തെ കണ്ടെത്തിയാൽ ചികിൽസാച്ചെലവും മരണനിരക്കും കുറയ്ക്കാനാകും.