ഭുവനേശ്വർ∙ മതിയായ രേഖകളില്ലെന്നു പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി അഴുക്കുചാലില്‍ പ്രസവിച്ചു. ഒഡിഷയിലെ കൊരപുതിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ജനിഗുഡ സ്വദേശി ദൈന മുദുളിക്കാണ് (30) അതിദയനീയ സാഹചര്യത്തിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത്.
സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളജിൽ, രേഖകളില്ലെന്ന് ആരോപിച്ച് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്കു പ്രവേശനം നിഷേധിക്കുകയായിരുന്നു. ആശുപത്രി കാന്റീനിനു സമീപത്തെ അഴുക്കുചാലിലാണു ദൈന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രസവശേഷവും അമ്മയും കുഞ്ഞും ഒരു മണിക്കൂറോളം ഇവിടെത്തന്നെ കിടക്കേണ്ടിവന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.
സംഭവം വിവാദമായതോടെ അമ്മയെയും കുഞ്ഞിനെയും അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ ജനറൽ വാർഡിലും കുഞ്ഞിനെ നവജാതശിശുക്കൾക്കുള്ള പ്രത്യേക വാർഡിലുമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് സീതാറാം മഹാപാത്ര പറഞ്ഞു. അതേസമയം, പനിക്ക് ചികിൽസയിലുള്ള ഭര്‍ത്താവ് രഘു മുദാളിയെ കാണാനാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം യുവതി എത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഭർത്താവിനെ കാണാനെത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെട്ട യുവതി ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, രേഖകൾ കൈവശമില്ലെന്നു പറഞ്ഞ് മകളെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായില്ലെന്ന് ദൈനയുടെ മാതാവ് ഗൗരാമണി മുദാളി ആരോപിച്ചു. അതേസമയം, യുവതിക്ക് ചികിൽസ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.