ഇന്ത്യ റബർ മീറ്റ്-2018 ന് ഇന്നു തുടക്കം

കൊച്ചി ∙ റബർ ബോർഡും റബർ മേഖലയിലെ വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബർ മീറ്റ്-2018 ഇന്നും നാളെയുമായി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും.  വിദഗ്ധരുടെ നേതൃത്വത്തിൽ റബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ മുപ്പതോളം വിദേശ പ്രതിനിധികൾ ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുക്കുമെന്ന് റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡി. ആനന്ദൻ അറിയിച്ചു.

‘റബറിന്റെ സുസ്ഥിരമായ മൂല്യ ശൃംഖലയിലേക്ക്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഇന്ന് 10ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ് മുൻ സെക്രട്ടറി ജനറലും റബർ ബോർ‍ഡ് മുൻ ചെയർമാനുമായ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. റബർ ഉൽപാദന-വ്യാപാര മേഖലയിലെ പുതിയ പ്രവണതകൾ, നേരിടുന്ന വെല്ലുവിളികൾ, സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള വഴികൾ എന്നിവയാണ് രണ്ടു ദിവസത്തെ വിവിധ സെഷനുകളിലായി ചർച്ച ചെയ്യുന്നത്.

ആദ്യദിനം നാലു സെഷനുകളാണുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് പോളിമർ ചെയിൻ പ്രസിഡന്റ് അജയ് ഷാ, ഉപാസി റബർ കമ്മിറ്റി ചെയർമാൻ എം.പി. ചെറിയാൻ, എടിഎംഎ ഡയറക്ടർ ജനറൽ രാജീവ് ബുദ്ധ്‌രാജ, മുൻ റബർ പ്രൊഡക്‌ഷൻ കമ്മിഷണർ ഡോ. എ.കെ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.  രണ്ടാം ദിവസത്തെ പാനൽ ചർച്ചകളിൽ റബർ സ്കിൽ ഡവലപ്മെന്റ് കൗൺസിൽ ചെയർമാൻ വിനോദ് സൈമൺ, ഡോ. ഹിഡ്ഡെ സ്മിത്ത്, റബർ ബോർഡ് ചെയർമാൻ ഡി. ആനന്ദൻ എന്നിവരാവും നേതൃത്വം നൽകുക.