യുപിഎ വന്നാൽ നിലവിലെ ജിഎസ്ടി റദ്ദാക്കും; വരും ജി‌എസ്‌ടി –2

പഞ്ചാബ് ധനമന്ത്രി മൻപ്രീത് ബാദൽ

ന്യൂഡൽഹി ∙ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ ഇപ്പോഴുള്ള ചരക്ക്, സേവന നികുതി റദ്ദാക്കുമെന്നും ജി‌എസ്‌ടി –2 നടപ്പാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയത് ജനദ്രോഹകരമായ നികുതിയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ജി‌എസ്‌ടിയെ ഗബ്ബർ സിങ് ടാക്സ് എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശേഷിപ്പിക്കുന്നത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ജി‌എസ്‌ടി –2 ഉൾപ്പെടുത്തും. പെട്രോൾ, വൈദ്യുതി എന്നിവയെ ചരക്ക്, സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരും. നിലവിലുള്ള ചരക്ക്, സേവന നികുതി ഘടനയിൽ തിരുത്തൽ വരുത്താൻ കഴിയാത്ത വിധം പിഴവുകളുണ്ട്– പഞ്ചാബ് ധനമന്ത്രി മൻപ്രീത് ബാദൽ ചൂണ്ടിക്കാട്ടി.

ലോകത്ത് ചരക്ക്, സേവന നികുതി നടപ്പാക്കുന്ന 161–ാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് മൻപ്രീത് ചൂണ്ടിക്കാട്ടി. ഏറ്റവും നന്നായി നടപ്പാക്കിയ രാജ്യങ്ങളിലെ സംവിധാനം പഠിക്കാൻ സർക്കാർ ശ്രമിച്ചതേയില്ല. ഇപ്പോൾ ഇടയ്ക്കിടെ നികുതി വെട്ടിക്കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതു കേടു തീർക്കൽ മാത്രമാണെന്ന് മൻപ്രീത് ബാദൽ ചൂണ്ടിക്കാട്ടി.