ന്യൂഡൽഹി ∙ കമ്പനിയുടെ ബോർഡ് യോഗങ്ങളുടെ മിനിറ്റ്സ്, ധനകാര്യ രേഖകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന് ആരോപിച്ച് സൈറസ് മിസ്ത്രിക്ക് ടാറ്റ സൺസ് നോട്ടിസ് അയച്ചു.
ടാറ്റ സൺസിനെതിരെ സൈറസിന്റെ കുടുംബം ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൽ നൽകിയ പരാതിക്കൊപ്പം ഡസൻകണക്കിനു കമ്പനി രേഖകൾ സമർപ്പിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ടാറ്റ സൺസ് ആരോപിക്കുന്നു.ടാറ്റ സൺസ് ഡയറക്ടർ എന്ന പദവി കാരണം ലഭിച്ച രഹസ്യ വിവരങ്ങൾ തന്റെ കുടുംബത്തിന്റെ കമ്പനികളുമായി പങ്കുവയ്ക്കുകയാണ് സൈറസ് ചെയ്തിരിക്കുന്നതെന്നു ടാറ്റ പറയുന്നു.
ട്രൈബ്യൂണലിൽ നൽകിയ പരാതിക്ക് ഒരുതരത്തിലും ആവശ്യമില്ലാത്ത രേഖകളാണ് ഇങ്ങനെ നൽകിയിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുന്നത് അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണലിൽ കൊടുത്തവ പിൻവലിക്കണമെന്നും നോട്ടിസിൽ ടാറ്റ ആവശ്യപ്പെട്ടു.