മുംബൈ ∙ ടാറ്റ സാമ്രാജ്യത്തിലെ പ്രശ്നങ്ങൾ നിയമയുദ്ധത്തിലേക്ക്. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൽ ടാറ്റ സൺസിനെതിരേ പരാതി നൽകി. നേരിടുമെന്ന് ടാറ്റ സൺസും അറിയിച്ചു. 22 ന് ട്രൈബ്യൂണൽ വാദം കേൾക്കും.
ആറ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് രാജിവച്ചതിന്റെ പിറ്റേന്നാണ് മിസ്ത്രി നിയമ നടപടികളിലേക്കു നീങ്ങിയത്. അടിച്ചമർത്തലും മോശം മാനേജ്മെന്റുമാണ് ടാറ്റാ സൺസ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഹർജി. മിസ്ത്രിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപസ്ഥാപനങ്ങളുടെ പേരിലാണു പരാതി.
ട്രൈബ്യൂണലിൽ സൈറസിന്റെ വാദങ്ങളെ നേരിടുമെന്നു ടാറ്റ സൺസ് വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിന്റെയും ജംഷെഡ്ജി ടാറ്റയുടെയും പാരമ്പര്യത്തെ പൂർണമായും നിരാകരിക്കുന്ന സൈറസിന്റെ സമീപനമാണ് പരാതിയിലും ഫ്രതിഫലിക്കുന്നതെന്ന് ടാറ്റ സൺസ് പറഞ്ഞു. രത്തൻ ടാറ്റയോടു സൈറസ് വച്ചുപുലർത്തുന്ന ശത്രുത പ്രകടമാണ്. 2006 മുതൽ ഡയറക്ടറും 2012 മുതൽ ചെയർമാനുമായിരുന്ന സൈറസ് അക്കാലത്തൊന്നും നടപടിയെടുക്കാതെ ഇപ്പോൾ ഭരണനിർവഹണത്തിലെ വീഴ്ചയെപ്പറ്റി പറയുന്നത് ഖേദകരമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മുംബൈ∙ സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന വ്യവസായി അനൽജിത് സിങ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഗ്ലോബൽ ബവ്റിജസിന്റെ ബോർഡിൽനിന്നു രാജിവച്ചു. കമ്പനിയുടെ ചെയർമാൻഡ സ്ഥാനത്തുനിന്ന് സൈറസിനെ പുറത്താക്കുന്നതിനെ ബോർഡ് യോഗത്തിൽ എതിർത്ത രണ്ടു സ്വതന്ത്ര ഡയറക്ടർമാരിലൊരാളാണ് മാക്സ് ഇന്ത്യ ചെയർമാൻ അനൽജിത് സിങ്.
ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ ഓഹരിയുമടകളുടെ അസാധാരണയോഗങ്ങൾ വിളിച്ചുചേർത്ത് തന്നെ ബോർഡുകളിൽനിന്നു പുറത്താക്കാൻ തുടങ്ങിയ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം സൈറസ് സ്വയം സ്ഥാനമൊഴിഞ്ഞത്. ഇത് നിയമയുദ്ധത്തിനുള്ള തയാറെടുപ്പുകൂടിയാണെന്നു വിലയിരുത്തപ്പെട്ടിരുന്നു.