Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ 7900 കോടി നൽകും; ടാറ്റ– ഡോകോമോ തർക്കം ഒത്തുതീർപ്പായി

tata-docomo

ന്യൂ‍ഡൽഹി ∙ ടാറ്റ സൺസും ജപ്പാനിലെ എൻടിടി ഡോകോമോയുമായുള്ള തർക്കം തീരുന്നു. 118 കോടി ഡോളർ (ഏതാണ്ട് 7900 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ ടാറ്റ സമ്മതിച്ചതോടെ, ഏറെ നാളായുള്ള നിയമ യുദ്ധം കോടതിക്കു പുറത്ത് ഒത്തുതീർപ്പാകുകയാണ്.

ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുമ്പോൾ‌ മുഖ്യ ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റ്സ് ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന് ഡോകോമോയുമായുള്ള ഇടപാട് നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്നതാണ്.

പുതിയ ചെയർമാൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് തർക്കം ഒത്തുതീർക്കാൻ ടാറ്റയ്ക്കു സാധിച്ചത്. ഡോകോമോ 2009 ൽ ഏകദേശം 12740 കോടി രൂപ മുടക്കി ടാറ്റ ടെലി സർവീസസിൽ 26.5% ഓഹരി എടുക്കുകയായിരുന്നു. അ‍ഞ്ച് വർഷത്തിനകം പങ്കാളിത്തമുപേക്ഷിക്കേണ്ടി വന്നാൽ മുടക്കുമുതലിന്റെ പകുതിയെങ്കിലും ടാറ്റ ഗ്രൂപ്പ് തിരികെ നൽകുമെന്നു കരാറുണ്ടായിരുന്നു.

കമ്പനിയുടെ വളർച്ച കുറവായതിനാൽ 2014 ൽ ഡോകോമോ ഓഹരി വിറ്റൊഴിയാൻ തീരുമാനിച്ചു. 7200 കോടി രൂപ കമ്പനി നഷ്ടപരിഹാരം തേടി. ഓഹരിയൊന്നിന് 58 രൂപ നിരക്കിലായിരുന്നു ഇത്.എന്നാൽ 23.34 രൂപ നിരക്കിലേ നൽകാനാകൂ എന്ന് ടാറ്റ നിലപാടെടുത്തു.

ഡോകോമോ ലണ്ടനിലെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചു. 118 കോടി ഡോളർ നഷ്ടപരിഹാരം ടാറ്റ നൽകണമെന്നു കോടതി വിധിച്ചു. ഈ വിധി നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഡോകോമോ ഡൽഹി ഹൈക്കോടതിയെയും സമീപിച്ചു.

ഉന്നതമായ ബിസിനസ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തങ്ങൾ ലണ്ടൻ കോടതിയുടെ നിലപാട് അംഗീകരിക്കുന്നതെന്ന് ടാറ്റ സൺസ് പറഞ്ഞു. ഭാവിയിലും സഹകരണ സാധ്യതകൾ തുറന്നിടുകയാണ് തങ്ങളെന്നും കമ്പനി പറഞ്ഞു. ഇതേ അഭിപ്രായമാണ് ഡോകോമോയും പ്രകടിപ്പിച്ചത്.

കേസ് ഒത്തുതീർപ്പാക്കുകയാണെന്നു കമ്പനികൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ടാറ്റ ടെലി സർവീസസിനെക്കൂടി ചേർത്തു സഖ്യം വിപുലമാക്കാനുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ശ്രമത്തിന് ഇതു സഹായകമാകും.