ചന്ദ്രോദയം പുതിയ സൂര്യോദയമെന്നു ടാറ്റ

എൻ.ചന്ദ്രശേഖർ

മുംബൈ ∙ നേതൃത്വ മികവിനുള്ള അംഗീകാരമായാണ് എൻ. ചന്ദ്രശേഖരനെ ടാറ്റ സാമ്രാജ്യത്തിന്റെ തലപ്പത്തു നിയമിച്ചതെന്ന് രത്തൻ ടാറ്റ. ‘ജോലി സങ്കീർണമാണ്. പക്ഷേ, അദ്ദേഹം ടാറ്റയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്’ – രത്തൻ ടാറ്റ പറഞ്ഞു.

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കിയ ശേഷം രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി പ്രവർത്തിക്കുകയാണ്. ടാറ്റയുടെ മൂല്യങ്ങളിൽനിന്നും ആദർശങ്ങളിൽനിന്നും വ്യതിചലിച്ചെന്നതാണ് സൈറസ് മിസ്ത്രിയെ പുറത്താക്കാൻ കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന്.

10,300 കോടി ഡോളർ (ഏതാണ്ട് ഏഴു ലക്ഷം കോടി രൂപ) വിറ്റുവരവുള്ള വ്യവസായ ഗ്രൂപ്പിനെ മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്തിയും ഓഹരിയുടമകൾക്കു നേട്ടമുറപ്പാക്കിയും ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകാനാണു താൻ ശ്രമിക്കുകയെന്നു നിയുക്ത ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

‘ടാറ്റ സൺസിന്റെ ഭൂരിപക്ഷ ഓഹരിയുടമകളായ ടാറ്റ ട്രസ്റ്റ്സ് ഒരു നൂറ്റാണ്ടിലേറെയായി നിശബ്ദം നടത്തിപ്പോന്ന സേവനങ്ങളുടെ മൂല്യം’ ചന്ദ്രശേഖരൻ എടുത്തുപറഞ്ഞു. ടാറ്റ സൺസിന്റെ നേതൃത്വത്തിനും ടാറ്റ ട്രസ്റ്റ്സിനുമിടയ്ക്ക് അകലമുണ്ടായതാണ് സൈറസിന്റെ പതനത്തിനു വഴിതെളിച്ചത്.

പാഴ്സി സമുദായത്തിൽനിന്നല്ലാത്ത ആദ്യ ടാറ്റ ചെയർമാനാണ് തമിഴ്നാട് നാമക്കൽ സ്വദേശി ചന്ദ്രശേഖരൻ (54). മുപ്പതു വർഷത്തിലേറെയായി ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന അദ്ദേഹം വ്യവസായലോകത്ത് ‘ചന്ദ്ര’ എന്നാണറിയപ്പെടുന്നത്.

2009 മുതൽ ടിസിഎസിന്റെ മേധാവിയായ അദ്ദേഹം ടാറ്റ കൺസൽറ്റിങ് സർവീസസിനെ(ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന കമ്പനിയായി വളർത്തിയവരിൽ പ്രധാനിയാണ്.

ചന്ദ്രശേഖരൻ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നതു വ്യവസായ ലോകം സ്വാഗതം ചെയ്തു. ടാറ്റ ഗ്രൂപ്പിൽ ഈയിടെയുണ്ടായ പ്രശ്നങ്ങൾ മറികടന്നു മുന്നേറ്റത്തിനു നാന്ദികുറിക്കാൻ ഇതു സഹായകമാകുമെന്നു പ്രമുഖ വ്യവസായികളും വ്യവസായ സംഘടനകളും അഭിപ്രായപ്പെട്ടു.

ടാറ്റ സ്റ്റീലിന്റെ അഡീഷനൽ ഡയറക്ടർ ആയി എൻ.ചന്ദ്രശേഖരനെ ഇന്നലെ നിയമിച്ചു. ഗ്രൂപ്പിലെ വിവിധ കമ്പനികളിൽ അദ്ദേഹം മേധാവിയാകുന്നതിന്റെ തുടക്കമാണിത്.