കേരളപ്പിറവിയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു ശിക്ഷയിളവു നൽകാൻ സംസ്ഥാന സർക്കാർ കണ്ടുവച്ച 2262 തടവുകാരുടെ കൂട്ടത്തിലുള്ളവരുടെ പേരുകൾ ജനത്തെ ഞെട്ടിച്ചിരിക്കുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ 11 പേർ, സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാം, കാരണവർ വധക്കേസിലെ പ്രതി ഷെറിൻ, കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ പ്രതി ഓംപ്രകാശ്... ഇനി ആ പട്ടികയിലുള്ളതാരൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
ഇളവു നൽകാനായി കഴിഞ്ഞ സെപ്റ്റംബറിൽ ജയിൽവകുപ്പു തയാറാക്കിയ 2262 പേരുടെ പട്ടികയിൽ നിന്നു ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട കുറെപ്പേരെ ഒഴിവാക്കി ഉദ്യോഗസ്ഥ ഉപസമിതി ഗവർണറുടെ അനുമതിക്കായി നൽകിയ 1850 പേരുടെ പട്ടികയിലാണു മേൽപ്പറഞ്ഞ പേരുകൾ ഉള്ളത്. അതീവ ജാഗ്രതയോടെയുള്ള പരിശോധനയും വിലയിരുത്തലും സൂക്ഷ്മപരിശോധനയുമൊക്കെ കഴിഞ്ഞാണു ഗവർണറുടെ അനുമതിക്കു നൽകിയതെന്നു നമ്മൾ വിശ്വസിക്കുന്ന പട്ടികയാണത്. മന്ത്രിസഭ അംഗീകരിച്ചു ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച പട്ടികയിൽ മേൽപ്പറഞ്ഞ പ്രതികളുടെ പേരു കടന്നുകൂടിയിട്ടുണ്ടെന്നു സർക്കാർ വൈകി സമ്മതിക്കുകയും ചെയ്തു. എന്നു മാത്രമല്ല, അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും വ്യക്തമാക്കി.
ഇതൊക്കെയാണ് ഇന്നാട്ടിൽ സ്വാഭാവിക കാര്യങ്ങളെങ്കിൽ ഇവിടത്തെ ഭരണകൂടത്തിന്റെ നീതിബോധത്തെയും വകതിരിവിനെയും ജനങ്ങൾ ചോദ്യം ചെയ്യുമെന്നു തീർച്ച. നിയമവകുപ്പിന്റെ അനുമതി വാങ്ങണമെന്നു നിർദേശിച്ചു ഗവർണർ ഇളവിനുള്ള പട്ടിക തിരിച്ചയച്ചത് ഇനിയും നിയമവകുപ്പിൽ എത്തിയിട്ടില്ല. നിയമപരിശോധന തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മന്ത്രി നേതൃത്വം നൽകുന്ന സമിതിയെ പട്ടിക പരിശോധിക്കാൻ ഏൽപിച്ചിരിക്കുകയാണത്രെ സർക്കാർ. ടിപി വധക്കേസിൽ പ്രതികളായ ചിലർക്കു ശിക്ഷയിളവുനൽകാൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഉദ്യോഗസ്ഥതലത്തിൽ ശ്രമം നടന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുവന്നതിനാൽ ആ പട്ടിക പരിഗണിക്കാതെ മന്ത്രിസഭ മാറ്റിവയ്ക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിനും സൂക്ഷ്മമായ വിചാരണയ്ക്കും ശേഷം എല്ലാ വാദമുഖങ്ങളും തെളിവുകളും പരിഗണിച്ചു കോടതി ശിക്ഷിച്ച പ്രതികളെ സമൂഹത്തിലേക്കു തുറന്നുവിടാനുള്ള നീക്കം നിയമവ്യവസ്ഥയ്ക്ക് എതിരാണ്. രാഷ്ട്രീയ തടവുകാരെയോ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയോ ശിക്ഷയിളവു നൽകി വിട്ടയയ്ക്കുന്നതുപോലെ അല്ല ഇത്. അന്തിമവിധി ആയിട്ടില്ലാത്ത ടിപി വധക്കേസ് പ്രതികൾക്ക് ഇളവു നൽകാനുള്ള തീരുമാനം അത്ഭുതപ്പെടുത്തുന്നതു തന്നെ. പ്രതികളും ടിപിയുടെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അവിടെനിന്ന് എന്തു വിധിയുണ്ടായാലും സുപ്രീം കോടതിയിൽ ഹർജി പോകുമെന്നത് ഉറപ്പ്. അവിടെ നിന്നുള്ള വിധി വന്നാലേ അന്തിമമാകൂ.
ടിപി വധക്കേസുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞവർ തന്നെ ഇപ്പോൾ അതിലെ പ്രതികൾക്കു ശിക്ഷയിളവിനു ശുപാർശ ചെയ്യുന്നതു മറ്റൊരു വൈരുധ്യം. വാടകക്കൊലയാളികൾക്കും ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും ശിക്ഷയിൽ ഇളവു നൽകരുതെന്ന ചട്ടം മറികടന്നാണു പട്ടികയിൽ ടിപി വധക്കേസ് പ്രതികളും മണിച്ചനും ഉൾപ്പെട്ടിരിക്കുന്നത്.
ഇത്തരക്കാരെ തുറന്നുവിട്ടുകൊണ്ടാണു കേരളപ്പിറവിയുടെ അറുപതാം വർഷം സർക്കാർ ആഘോഷിക്കുന്നതെങ്കിൽ ലോകത്തെങ്ങും കാണാത്തൊരു പിറന്നാൾ ആഘോഷമാകുമത്. ഇളവു നൽകും മുൻപു നിർബന്ധിതമായി പൂർത്തിയാക്കേണ്ട ശിക്ഷാ കാലാവധി പിന്നിടാത്തവരും ഗുണ്ടാനിയമപ്രകാരം തടവിലാക്കപ്പെട്ടവരും ശിക്ഷയിളവിന് അർഹമല്ലാത്ത തരം കേസുകളിൽ ഉൾപ്പെട്ടവരുമൊക്കെ ഈ പട്ടികയിൽ ഇടം പിടിച്ചതെങ്ങനെയെന്നു സർക്കാർ വിശദീകരിക്കണം.
ഇവരുടെയൊക്കെ പേര് ഈ പട്ടികയിൽ ഉൾപ്പെട്ടതു ഭരണനേതൃത്വത്തിന്റെ അറിവോടെ ആണോയെന്നു വ്യക്തമാക്കണം. ഇങ്ങനെ നടന്നതിന്റെ പിന്നിൽ രാഷ്ട്രീയസ്വാധീനമോ പണമിടപാടുകളോ ഉണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. അത്രയെങ്കിലും ചെയ്താൽ മാത്രമേ സർക്കാരിനു മുഖം രക്ഷിക്കാനാകൂ. ജനങ്ങൾക്കു ഭരണകൂടത്തിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം കെടുത്തരുത്.