ഓർമകളിൽ ഒരിക്കലും മായാത്ത കാലമാണു കുട്ടിക്കാലം. അതുപോലെ സ്കൂളിലേക്കുള്ള ആദ്യയാത്രയും നമ്മളാരും മറക്കില്ല. എത്ര പ്രായം കഴിഞ്ഞാലും നമ്മുടെയുള്ളിൽ കുതിച്ചുതുള്ളുന്ന ഒരു കുട്ടിമനസ്സുണ്ടാകും. എന്നെയും നിങ്ങളെയുമൊക്കെ മനസ്സുകൊണ്ട് ഒന്നിപ്പിക്കുന്ന ഊർജമാണു കുട്ടിക്കാലത്തിന്റെ വലിയ ശക്തി.പുതിയ അധ്യയനവർഷത്തിൽ പുതുമകളോടെ സ്കൂളിലേക്കു പോകുന്നതിന്റെ സന്തോഷത്തിലാകും കുട്ടികൾ. രണ്ടു മാസത്തെ അവധിക്കാലത്തിന്റെ തിമിർക്കലുകൾ കഴിഞ്ഞു വീണ്ടും അക്ഷരങ്ങളുടെ മഹാസന്നിധിയിലേക്ക്. പുതിയ യൂണിഫോമും പുതിയ ബാഗും കുടയുമെല്ലാമായി സന്തോഷം നിറഞ്ഞ യാത്ര ഈ വർഷം മുഴുവനും നീണ്ടുനിൽക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്.
ജീവിതത്തിന്റെ വിശാലവഴികളിലേക്കു സധൈര്യം നടന്നുകയറാനുള്ള ഊർജമാണ് സ്കൂൾകാലത്തു നാം നേടിയെടുക്കുന്നത്. വിദ്യാർഥിയായിരിക്കുക എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണ്. അതിനു പ്രായമോ പദവിയോ ഒന്നും തടസ്സമല്ല. നിങ്ങളെയൊക്കെപ്പോലെ ഞാനും വിദ്യാർഥിതന്നെയാണ് – പലരിൽനിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥി. പഠനമാകണം നമ്മുടെ മുഖ്യലക്ഷ്യം. ഒപ്പം, പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹിക സേവനത്തിലുമെല്ലാം സജീവമായി നാളെയുടെ നല്ല പൗരന്മാരായി മാറുകയും വേണം.
മലയാള മനോരമ കേരളത്തിലെ സ്കൂളുകൾക്കായി നടപ്പാക്കുന്ന ‘നല്ലപാഠ’ത്തിന്റെ കഴിഞ്ഞ ഫൈനലിൽ ഞാനും പങ്കെടുത്തിരുന്നു. ഇന്നത്തെ കുട്ടികൾ ചെയ്യുന്ന കാര്യങ്ങളുടെ വ്യാപ്തിയും വൈവിധ്യവും അത്ഭുതപ്പെടുത്തി. എന്തുമാത്രം സജീവമാണ് ഈ കുട്ടികൾ. നമ്മുടെയൊക്കെ പ്രതീക്ഷകൾക്കും എത്രയോ ഉയരെയാണ് ഇവർ ചെയ്യുന്ന നല്ല കാര്യങ്ങൾ. കുട്ടികൾക്ക് ഇത്രയുമൊക്കെ ചെയ്യാനാകുമോ എന്നു നാം അമ്പരന്നുപോകും. ആത്മവിശ്വാസവും ഉൾക്കരുത്തുമുള്ള ഈ തലമുറ നമ്മുടെ നാടിന്റെ നല്ല ഭാവിയെക്കുറിച്ചു പ്രതീക്ഷകൾ നൽകുന്നു.
സാങ്കേതികവിദ്യകളുടെ അതിപ്രസരമുള്ള കാലമാണിത്. മാറ്റങ്ങളോടു പുറംതിരിഞ്ഞു നിൽക്കേണ്ടതില്ല. ഇന്റർനെറ്റും സ്മാർട് ഫോണും മറ്റു സൗകര്യങ്ങളുമെല്ലാം ലോകത്തിന്റെ പുരോഗതിക്കുവേണ്ടിത്തന്നെയാണ്. പക്ഷേ, അവയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കണമെന്നു മാത്രം. പക്വതയുള്ള ഉപയോഗമാണ് ഓരോ ഉപകരണവും നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്. വിവേചനബുദ്ധിയുള്ള പൗരനായി മാറുകയാണ് ഇക്കാര്യത്തിലുള്ള പ്രതിവിധി.
ചുറ്റുപാടുകളിൽനിന്നു നമുക്കു പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. നാം അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ തുടിപ്പും എന്തുമാത്രം വിസ്മയകരമാണ്. പ്രകൃതിയൊരുക്കുന്ന മാജിക്കാണ് നമുക്കു മുന്നിൽ ഓരോ നിമിഷവും തെളിയുന്നത്. പുൽക്കൊടിത്തുമ്പിലും മഴത്തുള്ളിയിലും പൂമ്പാറ്റയിലുമെല്ലാം ഒളിഞ്ഞിരിക്കുന്ന വിസ്മയത്തിന്റെ കാഴ്ചകൾ കണ്ടറിഞ്ഞു വേണം നാം വളരാൻ. പ്രകൃതിയെ ദുഷിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനത്തിലും പങ്കാളിയാകില്ലെന്നു മനസ്സിൽ പറഞ്ഞുറപ്പിക്കണം. ഇനിയുള്ള തലമുറകൾക്കും നമ്മെപ്പോലെ അവകാശമുള്ളതാണു ഭൂമിയും അതിലെ വിഭവങ്ങളും എന്നു മനസ്സിലാക്കുമ്പോൾ ഭൂമിയെ സുന്ദരമായി സൂക്ഷിക്കാൻ നമുക്കു കഴിയും.
കളിച്ചുചിരിച്ചുകൊണ്ടു സ്കൂളിൽ പോയ പഴയ കാലങ്ങൾ ഓർമയിലേക്കു വരുന്ന സമയമാണിത്. ഞാനും നിങ്ങളെപ്പോലെ യൂണിഫോം അണിഞ്ഞ ഒരു വിദ്യാർഥിയായി മാറുന്നു. മനസ്സിൽ ആ ഉല്ലാസം നിറയുന്നു. എന്നെ ഞാനാക്കിയ ഗുരുജനങ്ങളെ ഓർക്കുന്നു. വീടിന്റെയും നാടിന്റെയും സ്വപ്നങ്ങളിലൂടെ സഞ്ചരിച്ചു വലിയവരാകാൻ നിങ്ങളോരോരുത്തർക്കും കഴിയട്ടെ. പ്രപഞ്ചത്തിന്റെ മാന്ത്രികവിസ്മയങ്ങൾ അനുഭവിക്കാൻ നിങ്ങൾക്കാകട്ടെ. ഒത്തിരി വിജയാശംസകൾ.
Search in
Malayalam
/
English
/
Product